Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകളെ മര്‍ദിക്കുന്ന വീഡിയോ; പോലീസുകാരെ അറസ്റ്റ് ചെയ്തെന്ന് മ്യാന്‍മര്‍

യാങ്കൂണ്‍: മ്യാന്‍മറിന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ അറാകാനിലെ മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിലെ ആളുകളെ പോലീസുകാര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഏതാനും പോലീസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മ്യാന്‍മര്‍ ഭരണകൂടം തിങ്കളാഴ്ച്ച വ്യക്തമാക്കി. മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെ പരോക്ഷമായെങ്കിലും സര്‍ക്കാര്‍ അംഗീകരിക്കുന്നത് ആദ്യമായിട്ടാണ്. തിരിച്ചറിഞ്ഞ വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂകിയുടെ ഓഫീസ് അറിയിച്ചത്. റോഹിങ്ക്യകള്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ട പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രസ്താവന സൂചിപ്പിച്ചു.
നിരവധി ഗ്രാമീണര്‍ തലയില്‍ കൈകള്‍ വെച്ച് ഇരിക്കുന്നതിനിടയില്‍ ഒരു യുവാവിനെ പോലീസ് മര്‍ദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. യൂണിഫോം ധരിച്ച് മൂന്ന് പോലീസ് ഓഫീസര്‍മാര്‍ ഇരിക്കുന്നവരെ വടി കൊണ്ട് അടിക്കുന്നതും മുഖത്ത് ചവിട്ടുന്നതും ദൃശ്യത്തിലുണ്ട്.
സൈന്യത്തിന്റെ അതിക്രമങ്ങള്‍ കാരണം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അമ്പതിനായിരത്തോളം റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് മ്യാന്‍മറില്‍ നിന്നും പലായനം ചെയ്തിരിക്കുന്നത്. പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയവര്‍ തങ്ങള്‍ക്ക് നേരെ സൈന്യം നടത്തിയ അതിക്രമങ്ങളുടെയും കൂട്ടബലാല്‍സംഗങ്ങളുടെയും പീഡനങ്ങളുടെയും കഥകളാണ് വിവരിക്കുന്നത്. മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഓങ് സാന്‍ സൂകിയെ നിശിതമായി വിമര്‍ശിച്ച് നിരവധി നൊബേല്‍ സമ്മാന ജേതാക്കളും ലോകനേതാക്കളും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 1984ലെ സമാധാന നൊബേല്‍ സമ്മാന ജേതാവ് ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുട്ടു, 1976ലെ സമാധാന നൊബേല്‍ ജേതാവ് മെയ്‌റീഡ് മാഗ്വയര്‍, മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി റൊമാനോ പ്രോഡി, വ്യവസായ പ്രമുഖനും ജീവകാരുണ്യപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ദി ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ സ്ഥാപകയും പത്രാധിപയുമായ അരിയാന ഹഫിംഗ്ട്ടണ്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പുവെച്ച പ്രമുഖരാണ്.
 

Related Articles