Current Date

Search
Close this search box.
Search
Close this search box.

റിയാസ് മൗലവിയുടെ കൊല; അടിയന്തിര നടപടി സ്വീകരിക്കുക

കാഞ്ഞങ്ങാട്: കാസര്‍കോട് ചൂരി മസ്ജിദിലെ മുഅദിന്‍ റിയാസ് മൗലവിയെ പള്ളിയോടനുബന്ധിച്ചുള്ള താമസ സ്ഥലത്ത് അതിക്രമിച്ചു കയറി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം അത്യന്തം നിന്ദ്യവും, നികൃഷ്ടവും, നിഷ്ഠൂരവുമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. നാടിന്റെ സാമാധാനം കെടുത്താനുള്ള നിഗൂഢമായ നീക്കമാണ് സംഭവത്തിന്റെ പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹത്തിന് ആകെ അപമാനവും അപമതിപ്പുമുണ്ടാക്കുന്ന ഈ അരും കൊലയില്‍ തങ്ങള്‍ ശക്തമായ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തി.
ആരാധനാലയത്തില്‍ അതിക്രമിച്ച് കയറി വിശ്വാസികളെ ആരാധനയിലേക്ക് ക്ഷണിക്കുന്ന ബാങ്ക് വിളിക്കാരനെ കൊലപ്പെടുത്തിയവര്‍ ലക്ഷ്യം വെക്കുന്നത് സംഘര്‍ഷങ്ങളും കലാപങ്ങളുമാണ്. അത്തരക്കാരുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കേണ്ടത് ശാന്തിക്കും സമാധാനത്തിനും സൗഹൃദത്തിനും പ്രാമുഖ്യം നല്‍കുന്ന എല്ലാ മത വിശ്വാസികളുടെ ബാധ്യതയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശ്വാസികള്‍ സമാധാനം പാലിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ഒരു ദശാബ്ദത്തില്‍ അധികമായി കാസര്‍കോട്ടും പരിസരങ്ങളിലും നടക്കുന്ന സാമുദായിക നിറമുള്ള കൊലപാതകങ്ങളില്‍ പ്രതികളാക്കപ്പെട്ടവര്‍ രക്ഷപ്പെട്ട ചരിത്രമാണ് നാം കണ്ടു വരുന്നത്. അന്വേഷണ സംവിധാനത്തിന്റെ പാളിച്ചയും കുറ്റവാളികള്‍ക്ക് ലഭിക്കുന്ന വന്‍ സാമ്പത്തിക പിന്തുണയുമാണ് ഇതിന് കാരണമായി തീരുന്നത്. വന്‍ ശക്തികളുടെ നിഗൂഢമായ ആസൂത്രണം ഇത്തരം സംഭവങ്ങള്‍ക്കുണ്ടെന്നതിന്റെ സൂചനയായിട്ട് വേണം ഇതിനെ കാണാന്‍. ഈ സാഹചര്യത്തില്‍ ജില്ലയ്ക്ക് പുറത്തുള്ളവരും പ്രമാദമായ കൊലക്കേസുകള്‍ തെളിയിക്കുന്നതിലും ശിക്ഷിപ്പിക്കുന്നതിലും പ്രാവിണ്യം തെളിയിച്ചവരുമായ ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷണം നടത്താനും, പ്രതികളെയും ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢ ശക്തികളേയും കണ്ടെത്തി നീതിപീഠത്തിന് മുന്നില്‍ കൊണ്ട് വരാന്‍ ഭരണകൂടം അടിയന്തിരമായി മുന്നോട്ട് വരണമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ പ്രതികളെയും മാതൃകാപരമായി ശിക്ഷിക്കണം: സോളിഡാരിറ്റി
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍കോട് മേഖലയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കി മാറ്റാനാണ് ചില ക്ഷുദ്ര ശക്തികളുടെ ശ്രമമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പഴയ ചൂരിയില്‍ മദ്രസ അധ്യാപകനായ റിയാസ് മൌലവിയുടെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത കാട്ടണം. കാസര്‍കോട് നഗരങ്ങളിലും പരിസരങ്ങളിലും കഴിഞ്ഞ കാലങ്ങളിലുണ്ടായ കൊലപാത കേസുകളില്‍ ഒരാളുപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.  ഇതാണ് അക്രമസംഭവങ്ങള്‍ക്ക് പ്രചോദനമാവുന്നത്. ശാസ്ത്രീയമായി കേസ് അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് കഴിയണം. അക്രമം അഴിച്ച് വിട്ട് ആധിപത്യം സ്ഥാപിക്കുന്ന ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലും നടപ്പാക്കാനുള്ള സംഘ്പരിവാര്‍ ശ്രമിത്തെ ചേറുത്ത് തോല്‍പ്പിക്കാന്‍ വിശാലമായ മതേതര ചേരി രൂപപ്പെടണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ എം റിയാസ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അമീര്‍,അനീസ് റഹ്മാന്‍, ഫാരിഖ് അബ്ദുല്ല, മഷൂക് എന്നിവര്‍ സംസാരിച്ചു.

Related Articles