Current Date

Search
Close this search box.
Search
Close this search box.

റാഇദ് സലാഹിന്റെ ഏകാന്ത തടവിനെതിരെ ഇസ്രയേല്‍ കോടതിയില്‍ ഹരജി

വെസ്റ്റ്ബാങ്ക്: ഫലസ്തീനിലെ ഗ്രീന്‍ലൈനിനകത്തുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഇദ് സലാഹിന്റെ ഏകാന്ത തടവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യവാകാശ വേദി ഇസ്രയേല്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. അടുത്ത ചൊവ്വാഴ്ച്ചയാണ് കോടതി ഹരജി പരിഗണിക്കുന്നത്. ശൈഖ് റാഇദ് സലാഹിനെതിരെയാ പക്ഷപാത സമീപനം അവസാനിപ്പിക്കാന്‍ റാമൂനിലെ ജയില്‍ ക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹരജി ബിഅ്ര്‍ശേബയിലെ ഇസ്രയേല്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മീസാന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. ‘രാജ്യ സുരക്ഷക്ക് ഭീഷണി’യാണെന്നാരോപിച്ച് അഞ്ചാമത്തെ തവണയാണ് അഞ്ച് മാസമായി ജയിലില്‍ കഴിയുന്ന റാഇദ് സലാഹിന്റെ ഏകാന്ത തടവ് നീട്ടുന്നത്. തടവിലാക്കപ്പെട്ട ഒന്നാം നാള്‍ മുതല്‍ അദ്ദേഹത്തിന് ഒരു മാസത്തെ ഏകാന്ത തടവാണ് ജയില്‍ അധികൃതര്‍ നിശ്ചയിച്ചിരുന്നത്. പിന്നീട് ന്യായീകരണമൊന്നുമില്ലാതെ ഓരോ മാസവും അത് നീട്ടുകയാണ് ചെയ്യുന്നത്.
അക്രമണത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് കഴിഞ്ഞ മെയ് മാസത്തിലാണ് ഒമ്പത് മാസത്തെ തടവ്ശിക്ഷക്കായി സലാഹ് ജയിലില്‍ അടക്കപ്പെടുന്നത്. ഓരോ തവണയും അദ്ദേഹത്തിന്റെ ഏകാന്ത തടവ് നീട്ടികൊണ്ടു പോവുകയാണെന്നതാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചതെന്ന് ‘മീസാന്‍’ സെന്ററിലെ അഭിഭാഷകന്‍ മുസ്തഫ സുഹൈല്‍ പറഞ്ഞു. അത് സംബന്ധിച്ച രേഖകളോ വിശദീകരണമോ നല്‍കാതെ ഏതെങ്കിലും ജയില്‍ വാര്‍ഡന്‍ മുഖേനെ അദ്ദേഹത്തെ പറഞ്ഞറിയിക്കുന്ന രീതിയാണ് ഇസ്രയേല്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അറബി പത്രങ്ങളും മതപരമായ പുസ്തകങ്ങളും അദ്ദേഹത്തിന് നല്‍കുന്നതിനും പക്ഷപാതപരമായ വിലക്ക് ഇസ്രയേല്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും മനുഷ്യാവകാശ വേദി പറഞ്ഞു.

Related Articles