Current Date

Search
Close this search box.
Search
Close this search box.

റസാന്‍ നജ്ജാറിനെ വിമര്‍ശിച്ച ഇസ്രായേല്‍ ഉദ്യോഗസ്ഥനെതിരെ പ്രതിഷേധം

ഗസ്സ: ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്ന ഗസ്സയിലെ പാരമെഡിക് വളന്റിയര്‍ റസാന്‍ അല്‍ നജ്ജാറിനെ വിമര്‍ശിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ട ഇസ്രായേല്‍ ഉദ്യോഗസ്ഥനെതിരെ വ്യാപക പ്രതിഷേധം.
റസാന്‍ നജ്ജാര്‍ ഹമാസിന്റെ മനുഷ്യ കവചമായി അഭിനയിക്കുകയായിരുന്നെന്നാണ് ഇസ്രായേല്‍ സൈനികനായ അവീയ ആദ്രി പോസ്റ്റിട്ടത്.

റസാന്‍ ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ നിന്നും എഡിറ്റ് ചെയ്ത ഒരു വീഡിയോയും അദ്ദേഹം ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയുടെ ഒരു ഭാഗത്ത് യുദ്ധ മുന്നണിയില്‍ പരുക്കേറ്റവരെ രക്ഷിക്കുമ്പോള്‍ ഞാന്‍ ഒരു മനുഷ്യ കവചമായി പ്രവര്‍ത്തിക്കേണ്ടി വരാറുണ്ടെന്ന് പറഞ്ഞതില്‍ നിന്നും ഒരു ഭാഗം മാത്രം മുറിച്ചെടുത്താണ് പ്രചാരണം. ഇസ്രായേല്‍ സൈന്യം വലിച്ചെറിഞ്ഞ ടിയര്‍ ഗ്യാസ് കാനിസ്റ്റര്‍ എടുത്ത് ദൂരെ എറിയുന്നതും വീഡിയോവില്‍ ഉണ്ട്. ഇത് ഇസ്രായേല്‍ സൈന്യത്തിനെതിരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനമാണ് ഇതിനോടകം ഉയര്‍ന്നത്. ഇസ്രായേല്‍ സൈന്യത്തിനാല്‍ കൊല്ലപ്പെട്ട ഫലസ്തീനികളെ അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും ഇസ്രായേലിന്റെ സ്ഥിരം നടപടിയാണെന്നും ഇതിനെതിരെ അപലപിക്കണമെന്നും ട്വിറ്ററില്‍ ആഹ്വാനമുണ്ട്.

 

Related Articles