Current Date

Search
Close this search box.
Search
Close this search box.

റഷ്യ സിറിയയിലേക്ക് കൂടുതല്‍ സൈനികരെ അയക്കുന്നു

മോസ്‌കോ: സിറിയയില്‍ ആക്രമണം ശക്തിപ്പെടുത്തുന്നതിനായി റഷ്യ കൂടുതല്‍ സൈനികരെ അവിടേക്ക് അയച്ചതായി റഷ്യന്‍ പത്രം റിപോര്‍ട്ട് ചെയ്യുന്നു. അലപ്പോയിലും സമീപഗ്രാമങ്ങളിലും റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്ന കടുത്ത വിമര്‍ശനങ്ങള്‍ അവഗണിച്ചാണ് റഷ്യയുടെ ഈ നീക്കം. അതേസമയം അമേരിക്ക സിറിയയിലെ ഭീകരസംഘങ്ങളെ പിന്തുണക്കുകയാണെന്ന ആരോപണവുമായി റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലാവ്‌റോവ് രംഗത്ത് വന്നിട്ടുണ്ട്. സുഖോയ്-24, സുഖോയ്-34 ഇനത്തിലുള്ള ഏതാനും യുദ്ധ വിമാനങ്ങള്‍ സിറിയയിലെ വടക്കു പടിഞ്ഞാറന്‍ പ്രദേശത്തുള്ള ഹമീമീം വ്യോമ താവളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും റഷ്യന്‍ പത്രം ‘ഇസ്‌വെസ്റ്റിയ’ റിപോര്‍ട്ട് ചെയ്തു.
സിറിയയിലെ റഷ്യന്‍ വ്യോമസേനയുടെ ശക്തി ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വര്‍ധിപ്പിക്കുമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് പത്രം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. സിറിയയിലെ റഷ്യന്‍ സൈനിക നീക്കത്തിന് കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ക്രംലിന്‍ കൊട്ടാരം അറിയിച്ചിരുന്നു. റഷ്യയുടെ ആക്രമണത്തിന്റെ ഫലമായി ദമസ്‌കസില്‍ ഇപ്പോള്‍ ഐഎസിന്റെയോ അല്‍ഖാഇദയുടെയോ സാന്നിദ്ധ്യമില്ലെന്ന് ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് റഷ്യ സിറിയയില്‍ നേരിട്ട് സൈനിക നീക്കം നടത്തിയത്. ‘ഭീകരസംഘങ്ങള്‍ക്കെതിരെ’ പോരാടാന്‍ സിറിയന്‍ ഭരണകൂടം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.

Related Articles