Current Date

Search
Close this search box.
Search
Close this search box.

റഷ്യയും ഇറാനും അധിനിവേശ രാഷ്ട്രങ്ങള്‍: സിറിയന്‍ പ്രതിപക്ഷം

റിയാദ്: റഷ്യയെയും ഇറാനെയും അധിനിവേശ രാഷ്ട്രങ്ങളായി പരിഗണിക്കാന്‍ സിറിയന്‍ പ്രതിപക്ഷത്തിന് കീഴിലുള്ള ഉന്നതതല കൂടിയാലോചനാ സമിതി തീരുമാനിച്ചു. റഷ്യ വീറ്റോ അധികാരത്തിലൂടെ യുഎന്‍ രക്ഷാസമിതിയെ തളര്‍ത്തിയതിന് ശേഷമുള്ള സിറിയയുടെ അവസ്ഥ പരിശോധിക്കാന്‍ സമിതി പൊതുസഭയോട് ആവശ്യപ്പെടുകയും ചെയ്തു. ശനി, ഞായര്‍ ദിവസങ്ങളില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്നും റിയാദില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സിറിയന്‍ പ്രതിപക്ഷ വേദി വക്താവ് സാലിം അല്‍മുസല്ലിത് പറഞ്ഞു. സിറിയയിലെ ജനവാസ മേഖലയില്‍ ബശ്ശാറുല്‍ അസദും സഖ്യശക്തികളും നടത്തുന്ന സൈനിക നീക്കങ്ങളെ കുറിച്ച് സമിതി ചര്‍ച്ച ചെയ്തിരുന്നു. രാജ്യത്തിന്റെ അഖണ്ഡതക്കും അസ്ഥിത്വത്തിനും വലിയ അപകടമുയര്‍ത്തുന്ന പദ്ധതിയുമായിട്ടാണ്  മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുരഞ്ജന ശ്രമങ്ങള്‍ വിജയിപ്പിക്കാന്‍ സിറിയന്‍ പ്രതിപക്ഷം പരമാവധി ശ്രമച്ചെങ്കിലും സിറിയന്‍ ഭരണകൂടവും സഖ്യശക്തികളും അത് പരാജയപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. യുദ്ധകുറ്റങ്ങളും മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളും നടത്തി അന്താരാഷ്ട്ര നിയമത്തെ വെല്ലുവിളിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles