Current Date

Search
Close this search box.
Search
Close this search box.

റമദാന്‍ മാസത്തില്‍ മനുഷ്യരെ കൊല്ലുന്നവര്‍ ഏത് തരം മുസ്‌ലിംകളാണ്: ശൈഖ് ഹസീന

ധാക്ക: വിശുദ്ധ റമദാന്‍ മാസത്തില്‍ ആളുകളെ കൊന്നൊടുക്കുന്നവര്‍ ഏത് തരം മുസ്‌ലിംകളാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ധാക്കയിലെ റെസ്റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തീവ്രവാദത്തിനെതിരെ പോരാടുമെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത അവര്‍ നിന്ദ്യമായ പ്രവര്‍ത്തനമെന്നാണ് ആക്രമണത്തെ വിശേഷിപ്പിച്ചത്.
ധാക്കയില്‍ നയതന്ത്ര മേഖലയിലെ റസ്‌റ്റോറന്റില്‍ ഭീകരരും കമാന്‍ഡോ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 വിദേശികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സുരക്ഷാ സംഘം നടത്തിയ നീക്കത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ആറ് ഭീകരരെ സൈന്യം വധിച്ചു. ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടിയതായി പ്രധാനമന്ത്രി ശൈഖ് ഹസീന അറിയിച്ചു. 20 മൃതശരീരങ്ങള്‍ കണ്ടെത്തിയതായും അതില്‍ മിക്കവയും മാരാകായുധങ്ങള്‍ കൊണ്ട് കുത്തേറ്റ നിലയിലായിരുന്നുവെന്നും ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ നയീം അശ്ഫാഖ് ചൗധരി അറിയിച്ചു.  കൊല്ലപ്പെട്ടവരില്‍ ഇറ്റലി, ജപ്പാന്‍ പൗരന്മാര്‍ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 35 പേരെയാണ് ഭീകരര്‍ ബന്ദികളാക്കിയത്. ഇവരില്‍ 13 പേരെ സുരക്ഷാ സംഘം മോചിപ്പിച്ചിരുന്നു.

Related Articles