Current Date

Search
Close this search box.
Search
Close this search box.

രേഖകളില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ജിദ്ദ: മതിയായ രേഖകളില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്ന പ്രവാസികള്‍ക്കും സൗദി പൗരന്‍മാര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയപരമമായ അനുമതിയില്ലാതെ ഹജ്ജിനെത്തി പിടിക്കപ്പെടുന്ന പ്രവാസികളെ കയറ്റിയയക്കുമെന്നും സൗദി അറേബ്യയില്‍ അവര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവേശന വിലക്കുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രേഖകളില്ലാതെ ഹജ്ജിനെത്തുന്നവരെ പുറത്താക്കുന്നതിന് പുറമെ ജയില്‍ ശിക്ഷയും പിഴയും ചുമത്തുമെന്നും മന്ത്രാലയം പറഞ്ഞു.
രേഖകളില്ലാതെ ഹജ്ജിനെത്തുന്ന സൗദി പൗരന്‍മാര്‍ക്കുള്ള ശിക്ഷ പിഴയോ ജയില്‍ ശിക്ഷയോ അവ രണ്ടും കൂടിയോ ആയിരിക്കും. രേഖകളില്ലാതെയും വിശുദ്ധമാക്കപ്പെട്ട സ്ഥലങ്ങളില്‍ ശരിയായ ക്രമീകരണങ്ങളില്ലാതെ തങ്ങുന്നതും തടയാന്‍ ഭരണകൂടം കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ രേഖകളില്ലാതെ തീര്‍ഥാടകരില്‍ അധികവും സൗദിയിലുള്ള പ്രവാസികളായിരുന്നു. മതിയായ രേഖകളുമായി വരുന്ന തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഇത്തരത്തില്‍ എത്തുന്ന അനധികൃത ഹാജിമാര്‍ തടസ്സമാവുന്നു എന്നതാണ് നടപടികള്‍ കര്‍ശനമാക്കാന്‍ കാരണം. അനധികൃത തീര്‍ഥാടകര്‍ വഴികളില്‍ സ്ഥാപിക്കുന്ന ടെന്റുകള്‍ തീര്‍ഥാടകരുടെ സുഗമമായ പോക്കുവരവിന് തടസ്സമാവാറുണ്ടെന്നും അറബ് ന്യൂസ് റിപോര്‍ട്ട് സൂചിപ്പിച്ചു. അനധികൃതമായി ഹജ്ജ് ചെയ്യുന്നതിനെതിരെ ജിദ്ദയിലും മറ്റ് നഗരങ്ങളിലും വലിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ഈ ക്രമീകരണങ്ങളെ പ്രവാസി സമൂഹവും പണ്ഡിതന്‍മാരും സാഗതം ചെയ്തിട്ടുണ്ട്.
മതിയായ രേഖകളില്ലാതെ ആരും ഹജ്ജിന് പുറപ്പെടരുതെന്ന് റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജനായ പണ്ഡിതന്‍ മൗലാനാ നജീബ് ഖാസിമി സംഭാലി പറഞ്ഞു. സൗദി ഭരണകൂടം ശരിയായ കാര്യമാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles