Current Date

Search
Close this search box.
Search
Close this search box.

രാസായുധ പ്രയോഗം; സിറിയക്കെതിരെ ഉപരോധവുമായി കാനഡ

ഒട്ടോവ: ഖാന്‍ ശൈഖൂന്‍ രാസായുധാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയന്‍ ഭരണകൂടത്തിനും രാസായുധ നിര്‍മാണവുമായി സഹകരിച്ചവര്‍ക്കുമെതിരെ കനേഡിയല്‍ സര്‍ക്കാറിന്റെ ഉപരോധം. ഖാന്‍ ശൈഖൂന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ദമസ്‌കസ് ഭരണകൂടത്തിനാണെന്ന് അന്താരാഷ്ട്ര ഏജന്‍സി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ ഭാഗമായ 17 പ്രമുഖരുടെയും രാസായുധ ഉപയോഗവുമായി ബന്ധമുള്ള അഞ്ച് സ്ഥാപനങ്ങളുടെയും സ്വത്തുകള്‍ മരവിപ്പിക്കുന്നതും അവയുമായുള്ള എല്ലാ ഇടപാടുകളും തടയുന്നതാണ് നടപടി. ഏപ്രില്‍ 4ന് ഇദ്‌ലിബിലെ ഖാന്‍ ശൈഖൂനില്‍ സിറിയന്‍ ഭരണകൂടം നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടി എന്ന നിലക്കാണ് ഉപരോധമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കി.
തങ്ങളുടെയു യുദ്ധകുറ്റങ്ങള്‍ ഇനിയും തുടരാനാവില്ലെന്നും അതിന്റെ പേരില്‍ വിചാരണ ചെയ്യപ്പെടുമെന്നുമുള്ള ഒരു സന്ദേശം സിറിയന്‍ ഭരണകൂടത്തിലെ പ്രധാനികള്‍ക്ക് നല്‍കലാണ് പുതിയ ഈ നടപടിയുടെ ഉദ്ദേശ്യമെന്നും പ്രസ്താവന പറഞ്ഞു. പുതിയ ഉപരോധം ബാധകമാവുന്ന വ്യക്തികളുടെ പേരുകള്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല.
ഖാന്‍ ശൈഖൂനില്‍ സാരീന്‍ ഗ്യാസോ സമാന സ്വഭാവമുള്ള രാസപദാര്‍ഥങ്ങളോ ആണ് ഉപയോഗിച്ചിട്ടുള്ളന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്ന് കഴിഞ്ഞ ബുധനാഴ്ച്ച അന്താരാഷ്ട്ര രാസായുധ വിരുദ്ധ സംഘടന വ്യക്തമാക്കിയിരുന്നു. ആഴ്ച്ചകളുടെ വ്യത്യാസത്തില്‍ രണ്ടാം തവണയാണ് കനേഡിയന്‍ ഭരണകൂടം സിറിയക്കെതിരെ നടപടി സ്വീകരിക്കുന്നത്.

Related Articles