Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രത്തിന്റെ പരമാധികാരത്തില്‍ കൈവെക്കാതെയാണെങ്കില്‍ ചര്‍ച്ചക്ക് തയ്യാര്‍: ഖത്തര്‍

വാഷിംഗ്ടണ്‍: ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് രാഷ്ട്രത്തിന്റെ പരമാധികാരത്തില്‍ കൈകടത്താതെയുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി പറഞ്ഞു. ജി.സി.സിയുടെയും അറബ് ലീഗിന്റെയും വൃത്തത്തിനകത്ത് നിന്നു കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും വാഷിംഗ്ടണിലെ അറബ് സെന്ററില്‍ സംസാരിക്കവെ അദ്ദേഹം ആഹ്വാനം ചെയ്തു.
ഉപരോധ രാഷ്ട്രങ്ങള്‍ ആവശ്യങ്ങളുടെ കെട്ടഴിക്കുകയും അത് സംബന്ധിച്ച ചര്‍ച്ചക്ക് തയ്യാറാവാതിരിക്കുകയും ചെയ്യുന്നത് അന്താരാഷ്ട്ര നിയമത്തെ ആദരിക്കാതിരിക്കലിന്റെ ഭാഗമാണ്. പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള പരിഷ്‌കൃത രീതിയല്ല അത്. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതില്‍ വാഷിംഗ്ടണിനുള്ള പങ്ക് പ്രധാനമാണ്. അമേരിക്കക്കാര്‍ അതിന് സമ്മര്‍ദം ചെലുത്തണം. ഖത്തര്‍ ഉപരോധിക്കപ്പെട്ടിരിക്കുക മാത്രമാണ്, ഒറ്റപ്പെടുത്തപ്പെട്ടിട്ടില്ല. കാരണം നിരവധി സുഹൃത്തുക്കള്‍ ഉള്ള രാഷ്ട്രമാണത്. ഉപരാധം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് നിയമപരമായ പ്രവര്‍ത്തനങ്ങള്‍ രാജ്യം തുടരും. എന്നും ഖത്തര്‍ മന്ത്രി വ്യക്തമാക്കി.
ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള അല്‍ജസീറ അതിന്റെ പ്രവര്‍ത്തനം തുടരണമെന്നാണ് ഖത്തര്‍ താല്‍പര്യപ്പെടുന്നതെന്നും അതിന്റെ ഭാവി തികച്ചും ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ വിദേശകാര്യ നയത്തിലും മാറ്റമുണ്ടാവില്ലെന്നും ജനതകളോടും അവരെ അടക്കി ഭരിക്കുന്ന സ്വേച്ഛാധിപതികളോടും അവരെ കൊന്നൊടുക്കുന്നവരോടുമെല്ലാം നിഷ്പക്ഷത പുലര്‍ത്തുന്നവരാണ് തങ്ങളെന്ന് പറയുന്നത് ശരിയാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles