Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെയാണ് അബ്ബാസ് വെല്ലുവിളി ഉയര്‍ത്തേണ്ടത്: ഹമാസ്

ഗസ്സ: അനുരഞ്ജനം പരാജയപ്പെടുത്തിയതിന്റെയും ഫലസ്തീന്‍ ജനതയുടെ ഐക്യത്തിനും സ്ഥൈര്യത്തിനുമെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെയും അപകടകരമായ പരിണിതഫലങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണെന്ന് ഹമാസ്. അബ്ബാസ് വെല്ലുവിളി മുഴക്കേണ്ടത് രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെയാണെന്നും ഹമാസ് ആവശ്യപ്പെട്ടു. ”വ്യാഴാഴ്ച്ച വൈകിയിട്ട് വാഷിംഗ്ടണില്‍ അറബ് അംബാസഡര്‍മാരുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടയില്‍ അബ്ബാസ് ഉയര്‍ത്തിയ വെല്ലുവിളികള്‍ ഹമാസിന് നേരെയുള്ള അദ്ദേഹത്തിന്റെ ദുരുദ്ദേശ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കക്ഷിത്വത്തിന്റെ പേരിലുള്ള നീചമായ മാറ്റിനിര്‍ത്തലാണ് അദ്ദേഹത്തിന്റെ നയമെന്ന് വ്യക്തമാക്കുന്നതാണത്.” എന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പറഞ്ഞു.
ഏതൊരു ഭീഷണിയും രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെയാണ് ഉണ്ടാവേണ്ടത്, അല്ലാതെ അതില്‍ പങ്കാളികളായിട്ടുള്ളവര്‍ക്കെതിരെയല്ലെന്നും ബര്‍ഹൂം വ്യക്തമാക്കി. സംശുദ്ധവും സുതാര്യവുമായി നടക്കുന്ന ഏതൊരു തെരെഞ്ഞെടുപ്പിലും പങ്കെടുക്കാന്‍ ഹമാസ് സന്നദ്ധമാണെന്നും അതിന്റെ ഫലങ്ങളെ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
2006ലെ വിയോജിപ്പിന് മുമ്പുള്ള കാലഘട്ടത്തിലുടനീളം ഫലസ്തീന്‍ ബജറ്റിന്റെ 52 ശതമാനം ഗസ്സക്ക് വേണ്ടിയാണ് നീക്കിവെച്ചിരുന്നതെന്നും എന്നാല്‍ ഹമാസ് പിളര്‍പ്പിനെ അംഗീകരിച്ചപ്പോഴാണ് ഗസ്സക്ക് വേണ്ടി ചെയ്തിരുന്ന കാര്യങ്ങളെ കുറിച്ച് പുനരാലോചിക്കുമെന്ന് താന്‍ പറഞ്ഞതെന്നുമാണ് അബ്ബാസ് അറബ് അംബാസഡര്‍മാരുടെ യോഗത്തില്‍ പറഞ്ഞത്. ഗസ്സയിലെ ഭരണകൂടം പിരിച്ചുവിടുന്നതിന് ഹമാസിനെ പ്രേരിപ്പിക്കുന്ന നടപടികള്‍ ആരംഭിക്കുന്നതിനെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

Related Articles