Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തിന്റെ പ്രതിസന്ധികളെ സഹവര്‍ത്തിത്വത്തിലൂടെ നേരിടണം: ഹുസൈന്‍ മടവൂര്‍

യാമ്പു: രാജ്യം നേരിടുന്ന പ്രതിസന്ധികളെ മാനവികതയിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും പരിഹരിക്കണമെന്നും വര്‍ഗീയ ചിന്തകള്‍ രാജ്യത്തെയും സമൂഹത്തെയും ശിഥിലമാക്കുമെന്നും കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍. ‘മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 28 മുതല്‍ 31 വരെ മലപ്പുറം കൂരിയാട് നടക്കുന്ന ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സൗദി തല പ്രചാരണം യാമ്പൂ ടൗണിലെ ജാലിയാത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിയോജിക്കുന്നവരോടും എതിര്‍ക്കുന്നവരോടുമെല്ലാം സഹിഷ്ണുതയോടെ വര്‍ത്തിക്കാന്‍ സാധിക്കണം. മതത്തിന്റെ യഥാര്‍ഥ സന്ദേശവും മാനവിക ദര്‍ശനങ്ങളും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാഗത സംഘം ചെയര്‍മാന്‍ കുഞ്ഞഹമ്മദ് കോയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കെ.എന്‍.എം സെക്രട്ടറി എം. അബ്ദുറഹ്മാന്‍ സലഫി മുഖ്യ പ്രഭാഷണം നടത്തി. പരസ്പരം അറിഞ്ഞും സഹകരിച്ചും സൗഹാര്‍ദപരമായും നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് മതത്തിന്റെ പേരില്‍ വര്‍ഗീയവത്കരിക്കുവാനും വെറുപ്പ് പ്രചരിപ്പിക്കുവാനും ശ്രമിക്കുന്നവരുടെ കുത്സിതനീക്കങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ കഴിയണ മെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്ക് സ്വസ്ഥവും സമാധാനപൂര്‍ണവുമായ ജീവിതത്തിന് അവസരം നല്‍കുന്ന ഏക മാനവികതയുടെ ഉദാത്ത രൂപം ഇസ്ലാം ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാമ്പു മര്‍ക്കസുദ്ദഅവ മേധാവി ഡോ. ഫഹദ് അല്‍ ഖുറൈശി സംസാരിച്ചു. വിവിധ മത സാംസ്‌കാരിക സംഘടനാ നേതാക്കളായ നാസര്‍ നടുവില്‍ (കെ.എം.സി.സി ), ശങ്കര്‍ എളങ്കൂര്‍ (ഒ. ഐ. സി. സി ), സലിം വേങ്ങര (തനിമ), റഫീഖ് പത്തനാപുരം (നവോദയ), ഷൈജു എം. സൈനുദ്ദീന്‍ (യാമ്പു ഇസ്ലാഹി സെന്റര്‍ ) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജാലിയാത്ത് മലയാളം വിഭാഗം പ്രബോധകന്‍ അബ്ദുല്‍ മജീദ് സുഹ്രി സമാപന പ്രസംഗം നിര്‍വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ അബ്ബാസ് ചെമ്പന്‍ സ്വാഗതവും അബൂബക്കര്‍ മേഴത്തൂര്‍ നന്ദിയും പറഞ്ഞു .

Related Articles