Current Date

Search
Close this search box.
Search
Close this search box.

രാജ്യം ആര്‍ക്കും പണയപ്പെടുത്തില്ല: ലബനാന്‍ പ്രസിഡന്റ്

ബൈറൂത്ത്: മറ്റൊരു രാജ്യത്തിനും ലബനാനെ പണയപ്പെടുത്തില്ലെന്നും മുഴുവന്‍ രാഷ്ട്രീയക്കാരും മാനിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ശക്തമായ രാഷ്ട്രം നിര്‍മിക്കുമെന്നും ലബനാന്റെ പുതിയ പ്രസിഡന്റ് മിഷേല്‍ ഔന്‍. അഴിമതിക്കെതിരെ പോരാടുമെന്നും ശക്തമായ രാഷ്ട്രത്തിന്റെ നിര്‍മാണത്തിന് പണിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന തന്നെ അനുമോദിക്കാനെത്തിയ ആയിരക്കണക്കിന് ലബനാന്‍ പൗരന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും നാം സംരക്ഷിക്കും. മറ്റൊരു രാജ്യത്തിന് പണയപ്പെടുത്തപ്പെട്ടവരായി നാം മാറില്ല. എന്നാല്‍ മറ്റ് രാഷ്ട്രങ്ങളോടുള്ള ശത്രുതയല്ല അതുകൊണ്ടര്‍ഥമാക്കുന്നത്, മറിച്ച് വ്യക്തമായ സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ ഭാഗത്തു നിന്നും ഭരണഘടനയുടെ ലംഘനമുണ്ടാവരുതെന്നും അദ്ദേഹം വ്യക്തമാക്കി. ലബനാന്‍ ജനതക്ക് സംരക്ഷണം ഒരുക്കുന്ന നിയമങ്ങളെ ജനങ്ങള്‍ മാനിക്കണം. പൗരന്‍മാര്‍ക്ക് തങ്ങളുടെ വാതിലുകള്‍ തുറന്നിട്ട് ഉറങ്ങാന്‍ സാധിക്കും വിധം സുരക്ഷാവിഭാഗം അവര്‍ക്ക് സുരക്ഷയൊരുക്കണം. എന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പദത്തിലെത്തല്‍ അല്ല, ശക്തമായ രാഷ്ട്രത്തിന്റെ നിര്‍മാണമാണ് താന്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ തിങ്കളാഴ്ച്ച ലബനാന്‍ പാര്‍ലമെന്റില്‍ നടന്ന തെരെഞ്ഞെടുപ്പിലാണ് ഔന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. 127 എം.പിമാരില്‍ 83 പേര്‍ അദ്ദേഹത്തെ അനുകൂലിച്ച് വോട്ടു രേഖപ്പെടുത്തി.

Related Articles