Current Date

Search
Close this search box.
Search
Close this search box.

രണ്ടാഴ്ച,മരണം 1000, പരുക്കേറ്റവര്‍ 4800; രക്തത്തില്‍ മുങ്ങി കിഴക്കന്‍ ഗൂത

ദമസ്‌കസ്: അതരൂക്ഷമായ മനുഷ്യ കശാപ്പ് രണ്ടാഴ്ച പിന്നിടുമ്പോഴും ബോംബിങ്ങിന് അയവില്ലാതെ കിഴക്കന്‍ ഗൂത. അസദ് സൈന്യം റഷ്യന്‍ സഖ്യസേനയുടെ പിന്തുണയോടെ തുടരുന്ന വ്യോമാക്രമണങ്ങളില്‍ 14 ദിവസത്തിനിടെ 1000 പേരാണ് കൊല്ലപ്പെട്ടത്. 4800ഓളം പേരാണ് യുദ്ധത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. സൈന്യം ആക്രമണം ശക്തമാക്കിയ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 4 വരെയുള്ള കണക്കുകളാണിത്.

യുദ്ധ മേഖലയില്‍ മെഡിക്കല്‍ സഹായം വിതരണം ചെയ്യുന്ന എം.എസ്.എഫ് എന്ന സന്നദ്ധ സംഘടനയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ദമസ്‌കസിന്റെ പട്ടണപ്രദേശങ്ങളില്‍ എം.എസ്.എഫിന്റെ 20ഓളം സഹായകേന്ദ്രങ്ങളില്‍ 15 എണ്ണം ഷെല്ലുകള്‍ എറിഞ്ഞ് സൈന്യം തകര്‍ത്തിട്ടുണ്ട്.

ദുരന്ത ഭൂമിയില്‍ അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഇവിടെ പരുക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ സഹായം ലഭ്യമാക്കേണ്ടതുണ്ടെന്നും എം.എസ്.എഫ് ആവര്‍ത്തിച്ചു. വ്യാഴാഴ്ച മാത്രം കിഴക്കന്‍ ഗൂതയില്‍ 13ലധികം പേരാണ് കൊല്ലപ്പെട്ടതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി എന്ന മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തു.

ഏഴു വര്‍ഷമായി സിറിയന്‍ സര്‍ക്കാരിനെതിരെ പോരാടുന്ന വിമതരുടെ ശക്തികേന്ദ്രമാണ് കിഴക്കന്‍ ഗൂത. സിറിയയുടെ തലസ്ഥാനമായ ബഗ്ദാദിനു സമീപ നഗരമായ കിഴക്കന്‍ ഗൂത 2013 മുതല്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെയും റഷ്യന്‍ സൈന്യത്തിന്റെയും ഉപരോധത്തിനു കീഴിലാണ്. മേഖലയിലെ തീവ്രവാദികളെ അമര്‍ച്ച ചെയ്യാനും വിമതരുടെ കൈയില്‍ നിന്നും കിഴക്കന്‍ ഗൂതയെ തിരിച്ചുപിടിക്കാനുമാണ് യുദ്ധം ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

എന്നാല്‍, യുദ്ധം മൂലം കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണ്. ലോകരാജ്യങ്ങളുടെയും യു.എന്നിന്റെയും കടുത്ത എതിര്‍പ്പുകള്‍ വകവെക്കാതെയും വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അസദ് സൈന്യം ഗൂതയില്‍ ഇപ്പോഴും ബോംബിങ്ങു ഷെല്ലാക്രമണവും നിഷ്‌കരുണം തുടരുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ട നടപടികളെടുക്കാതെ സിറിയയെ പിന്തുണക്കുകയാണ്.

 

Related Articles