Current Date

Search
Close this search box.
Search
Close this search box.

യെമന്‍ യുദ്ധ മുന്നണിയില്‍ നിന്നും മലേഷ്യ സൈന്യത്തെ പിന്‍വലിക്കുന്നു

ക്വാലാലംപൂര്‍: യെമനില്‍ യുദ്ധം നടത്തുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്നും മലേഷ്യ സൈന്യത്തെ പിന്‍വലിക്കുന്നു. തങ്ങളുടെ സൈന്യം യെമന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നില്ലെന്നും ഐ.എസിനെതിരെയുള്ള സൈനിക നടപടിയില്‍ പങ്കാളിയാകുന്നില്ലെന്നും മലേഷ്യന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് സബു പറഞ്ഞു.

മലേഷ്യ എല്ലായിപ്പോഴും മധ്യമ നിലപാടാണ് സ്വീകരിക്കാറുള്ളതെന്നും തങ്ങള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുമായി സഖ്യമില്ലെന്നും ലോകത്തിലെ വന്‍ ശക്തികളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ മലേഷ്യ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയിലെ ബെര്‍നമ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മലേഷ്യന്‍ സര്‍ക്കാര്‍ ഇപ്പോഴും ചേരിചേരാ സഖ്യത്തില്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. യെമനിലെ പ്രതിസന്ധികളില്‍ നിന്നും മലേഷ്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ നടപടിയെടുക്കുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സൗദിയില്‍ എത്ര മലേഷ്യന്‍ സൈന്യമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

 

Related Articles