Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ മുസ്‌ലിംകള്‍ സമൂഹവുമായി ഇഴുകിചേരണം: യൂറോപ്യന്‍ ഫത്‌വ കൗണ്‍സില്‍

ഇസ്തംബൂള്‍: യൂറോപ്യന്‍ മുസ്‌ലിംകള്‍ അവിടത്തെ സമൂഹവുമായി ഇഴുകിചേരണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ ആന്റ് റിസര്‍ച്ച്. അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും കടമകള്‍ പൂര്‍ത്തീകരിക്കുന്നതിനും അത് സഹായകമാകുമെന്നും തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ചേര്‍ന്ന കൗണ്‍സില്‍ സമ്മേളനം അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ ക്രിയാത്മകമായി ഇഴുകിചേരുന്നതും അതിന്റെ സംവിധാനങ്ങളിലെ വിവിധ തലങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നതും തുടരാന്‍ യൂറോപിലെ ഇസ്‌ലാമിക വേദികള്‍ക്ക് സാധിക്കേണ്ടതുണ്ട്. യൂറോപ്യന്‍ സമൂഹങ്ങളുടെ സുരക്ഷയിലും സുസ്ഥിരതയിലും ഭാഗവാക്കാവാന്‍ അവര്‍ക്ക് സാധിക്കേണ്ടതുണ്ട്. മുസ്‌ലിംകളുടെ മേല്‍നോട്ടത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കേണ്ടതുണ്ടെന്നും സമ്മേളനത്തിന്റെ സമാപന പ്രസ്താവന നിര്‍ദേശിച്ചു. നിലപാടുകളിലെ മിതത്വം, നീതി തുടങ്ങിയ ഇസ്‌ലാമിന്റെ സവിശേഷതകളും അക്രമത്തോടും ഭീകരതയോടുമുള്ള അതിന്റെ സന്ധിയില്ലാ സമീപനവും വ്യക്തമാക്കുന്നതിന് അഭിസംബോധനാ ശൈലികള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സമ്മേളനം ഊന്നിപ്പറഞ്ഞു.
കാലഘട്ടത്തിന്റെ തേട്ടത്തിനനുസരിച്ച് ശരീഅത്തിനെയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും മനസ്സിലാക്കാന്‍ കഴിവുള്ളവരായി മതനേതൃത്വ മാറേണ്ടതുണ്ട്. തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ മതപ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിക്കുമ്പോള്‍ അതിനെ അപലപിക്കാന്‍ എല്ലാ മതങ്ങളിലെയും പണ്ഡിതന്‍മാര്‍ മുന്നോട്ടു വരണം. സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കുമുള്ള ജനതകളുടെ പ്രയാണങ്ങളെ പിന്തുണക്കാനും മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ പിന്തുണക്കുന്ന നയങ്ങള്‍ തിരുത്താനും യൂറോപ്യന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണം. എന്നും സമ്മേളനം ആവശ്യപ്പെട്ടു.
ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി, തുര്‍ക്കി മതകാര്യവകുപ്പ് അധ്യക്ഷന്‍ മുഹമ്മദ് ഗോര്‍മാസ് തുടങ്ങിയ നിരവധി പണ്ഡിതരും പ്രബോധകരും സമ്മേളനത്തില്‍ പങ്കെടുത്തു. യൂറോപിലെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടതനുസരിച്ച് 1997ലാണ് യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ ആന്റ് റിസര്‍ച്ച് രൂപീകരിക്കപ്പെട്ടത്. അയര്‍ലന്റിലെ ഡബ്ലിന്‍ ആസ്ഥാനമായിട്ടാണത് പ്രവര്‍ത്തിക്കുന്നത്.

Related Articles