Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ഇന്ത്യ ‘മെയ് ഫെസ്റ്റ് 2017’ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മനാമ: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ‘സയാനി മോട്ടോര്‍സ് യൂത്ത് ഇന്ത്യ മെയ് ഫെസ്റ്റ് 2017’ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ‘തൊഴിലാളികളുടെ കൂടെ ഒരുദിനം’ എന്ന ശീര്‍ഷകത്തില്‍  സംഘടിപ്പിക്കപെടുന്ന ഫെസ്റ്റില്‍ മെഡിക്കല്‍ ക്യാമ്പ്,  ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ മെയ് ദിനത്തോടനുബന്ധിച്ച് മെഡിക്കല്‍ ഫെയര്‍, തൊഴിലാളികള്‍ക്കായുള്ള സ്‌പോര്‍ട്‌സ് മീറ്റ്, കലാ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ ഒട്ടനവധി പരിപാടികള്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ചിരുന്നു. ഇത്തവണ കൂടുതല്‍ വ്യതസ്ഥത ഉള്‍ചേര്‍ത്ത് ലേബര്‍ ക്യാമ്പില്‍ ‘ലോക തൊഴിലാളി ദിനം’ ആഘോഷിക്കാനാണ് ഉദ്ദേശമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബഹ്‌റൈനിലെ പ്രമുഖ ഹോസ്പിറ്റലുകളായ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ എന്നിവരുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, ലഹരിവിരുദ്ധ  ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളിലുള്ള  കൊളാഷ്, വിഡിയോ പ്രദര്‍ശനവും നടക്കും. ആരോഗ്യ ക്ലാസ്സുകള്‍ക്ക് അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ ഫിസിഷ്യനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ ഡോ. ബാബു രാമചന്ദ്രന്‍ നേതൃത്വം നല്‍ക്കും.
ഫെസ്റ്റില്‍ ദീര്‍ഘകാലം ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കുകയും ഉപഹാരസമര്‍പ്പണം നടത്തുകയും ചെയ്യും. ജനകീയ കായികയിനമായ വടംവലി മത്സരം, പെനാല്‍റ്റി ഷൂട്ട് ഔട്ട്, ക്രിക്കറ്റ് ബോളിംഗ് എന്നിങ്ങനെയുള്ള കായിക മത്സരങ്ങളും ലേബര്‍ ക്യാമ്പിലെ തൊഴിലാളികളെ ഉള്‍ചേര്‍ത്തുകൊണ്ടുള്ള കലാപരിപാടികളും നടക്കും. അസ്‌ക്കറിലെ ലേബര്‍ ക്യാമ്പില്‍ വെച്ച് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണി വരെ നടക്കുന്ന പരിപാടിയില്‍ ആയിരത്തിലേറെ തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പരിപാടി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ നദ് വി, യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ ഫാജിസ്, പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ സിറാജ് കിഴുപ്പിള്ളിക്കര , ജനറല്‍ സെക്രട്ടറി വി.കെ.അനീസ്, വൈസ് പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട് എന്നിവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ യൂനുസ് രാജ്, വി.എന്‍. മുര്‍ഷാദ്, അബ്ദുല്‍ അഹദ്, സജീബ് കെ, ഫ്രന്റ്‌സ് ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, എക്‌സിക്യൂട്ടീവ് അംഗം എ.എം.ഷാനവാസ്, ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കടെുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 35598694, 35538451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles