Current Date

Search
Close this search box.
Search
Close this search box.

യൂത്ത്‌ഫോറത്തിന് ഖത്തര്‍ സാംസ്‌കാരിക മന്ത്രിയുടെ പുരസ്‌കാരം

ഖത്തറിലെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ യൂത്ത്‌ഫോറത്തെ ഖത്തര്‍ സാംസ്‌കാരിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി പുരസ്‌കാരം നല്‍കി ആദരിച്ചു. ഖത്തര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങളും സാമൂഹിക സൗഹാര്‍ദവും സമാധാന സന്ദേശവും പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നതിലും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിലും യൂത്ത്‌ഫോറം നടത്തിവരുന്ന പ്രവര്‍ത്തങ്ങളെ മുന്‍ നിര്‍ത്തിയാണ് ആദരിച്ചത്. 2012ല്‍ രൂപീകരിച്ച് ദോഹ മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സി.ഐ.ഡി), ഖത്തര്‍ ചാരിറ്റി തുടങ്ങിയ സര്‍ക്കാര്‍ സം വിധാനങ്ങളുമായി സഹകരിച്ച്  ഖത്തറിലെ കലാകായിക സാമൂഹിക സാംസ്‌കാരിക  രംഗങ്ങളില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇതിനോടകം തന്നെ ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യൂത്ത്‌ഫോറത്തിന് സാധിച്ചിട്ടുണ്ട്.

പ്രവാസി യുവാക്കളെ പ്രത്യേകമായി ലക്ഷ്യം വച്ച് കൊണ്ട് അവരുടെ കര്‍മ്മ ശേഷിയും സര്‍ഗ്ഗശേഷിയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി രാജ്യ നന്മയ്ക്കും സാമൂഹിക സേവന രംഗത്തും വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിഭാഗീയതക്കും അസഹിഷ്ണുതയ്ക്കുമെതിരെ ഡി.ഐ.സി.ഐ.ഡി. യുടെ സഹകരണത്തോടെ സംഘടിപ്പിച്ച കലാസാംസ്‌കാരിക പ്രതിരോധം യൂത്ത് ലൈവ്, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ തെരഞ്ഞെടുത്ത് ആദരിച്ച യൂത്ത് ഐക്കണ്‍ അവാര്‍ഡ്, ഖത്തര്‍ ചാരിറ്റിയുടെ സഹകരണത്തോടെ സ്‌നേഹത്തിനും സഹവര്‍ത്തിത്തതിനുമായി സംഘടിപ്പിച്ച ദോഹ റമദാന്‍ മീറ്റ്,  സഹോദര രഷ്ട്രങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം  ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ സമൂഹത്തെ അണി നിരത്തി ഖത്തറിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ബ്രിഡ്ജ് ഖത്തറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഖത്തര്‍ ഞങ്ങളുടെ രണ്ടാം വീട്’ ഇന്തോ  അറബ് ഫ്യൂഷന്‍ ഷോ തുടങ്ങിയ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് യൂത്ത്‌ഫോറത്തെ സാംസ്‌കാരിക മന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചത്.

ജുലൈ 28ന്  ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ വച്ച് നടന്ന ഫ്യൂഷന്‍ ഷോയില്‍ ഖത്തര്‍ സാംസ്‌കാരിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലിയുള്‍പ്പടെയുള്ള ഖത്തരി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഖത്തറിന് ഇന്ത്യന്‍ സമൂഹം നല്‍കി വരുന്ന പിന്തുണ ആഴമേറിയതാണെന്നും ഉപരോധം ആരംഭിച്ച ഘട്ടത്തില്‍ ഏറ്റവും വലിയ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കാന്‍ നേത്രുത്വം നല്‍കിയത് യൂത്ത്‌ഫോറമാണെന്നും മന്ത്രി ആശംസ സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറില്‍ പരം കലാകാരന്മാരാണ് 5 മണിക്കൂര്‍ നീണ്ടു നിന്ന പരിപാടിയില്‍ കലാവിരുന്നൊരുക്കിയത്. ഭൂമിശാസ്ത്ര പരമായി ചെറിയ രാജ്യവും സാംസ്‌കാരിക മൂല്യവും സമ്പത്തും കൊണ്ട് അത്യുന്നതിയില്‍ നില്‍ക്കുന്നതുമായ ഖത്തര്‍ എന്ന രാജ്യത്തെ അയല്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും നയതന്ത്ര വിഛേദനം നടത്തി വ്യോമജലകര മാര്‍ഗ്ഗങ്ങള്‍ തടസ്സ പെടുത്തി കൊണ്ട് 2017 ജൂണിലെ ഒരു സുപ്രഭാതത്തില്‍ ഉത്തരവിറക്കുകയും ചെയ്ത സാഹചര്യത്തില്‍  ഖത്തര്‍ എന്ന രാജ്യത്തില്‍ തെല്ലും ആശങ്കപ്പെടാതെ വിശ്വാസമര്‍പ്പിച്ചു കൊണ്ട് രാജ്യത്തോടും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയോടുമുള്ള ഇന്ത്യന്‍ ജനതയുടെ സ്‌നേഹവും, ഐക്യ ദാര്‍ഢ്യവും  അതിന്റെ പൂര്‍ണ്ണതയോടെ പ്രകടമാവുന്നതും ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ആദ്യ പരിപാടിയുമായിരുന്നു അത്.  

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുഹൈലിലെ  നോര്‍ത്ത് അറ്റ്‌ലാറ്റിക് കോളജിലെ ഡോ: ലത്തീഫ ഇബ്രാഹീം അല്‍ ഹൂത്തി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡി.ഐ. സി.ഡി ഡയറകടര്‍ ബോര്‍ഡ് അംഗവും ഖത്തര്‍ ചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറകറ്ററുമായ ഡോ: മുഹമ്മദ് അല്‍ ഗാമിദി പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത്‌ഫോറം, യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ്, ബ്രിഡ്ജ് ഖത്തര്‍ ചെയര്‍മാന്‍ സലീല്‍ ഇബ്രാഹീം എന്നിവര്‍ക്കുള്ള സാംസ്‌കാരിക മന്ത്രിയുടെ പ്രശസ്തി പത്രങ്ങവും ഫലകങ്ങളും ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ തിയേറ്റര്‍ ഡയറക്ടര്‍ സലാഹ് അല്‍ മുല്ല  കൈമാറി. ഖത്തര്‍ നാഷണല്‍ തിയേറ്റര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍  യൂസഫ് അല്‍ ഹറമി, യൂത്ത് ഫോറം ഭാരവാഹികളായ ബിലാല്‍ ഹരിപ്പാട്, അസ്‌ലം ഈരാറ്റുപേട്ട, മുനീര്‍ ജലാലുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സേവന രംഗത്തും സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനും ഖത്തറിനോടോപ്പം ചേര്‍ന്നു നിന്നതിനും ഗാന്ധിജി, നെഹ്രു തുടങ്ങിയ മഹാരഥന്‍മാരുടെ മാത്രുകകള്‍ പിന്‍പറ്റി സമാധാന ജീവിത അന്തരീക്ഷം ഒരുക്കാനും ഖത്തറിന്റെ പുരോഗതിക്കായി ഇവിടെയുള്ള ഇന്ത്യന്‍ സമൂഹത്തെ പ്രചോദിപ്പിക്കാനും മുന്‍കൈ എടുത്തതിനും യൂത്ത്‌ഫോറത്തോട് നന്ദി രേഖപ്പെടുത്തുന്നതായി സാംസ്‌കാരിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി പ്രശസ്തി പത്രത്തില്‍ രേഖപ്പെടുത്തി.  ഖത്തറിനോടും ഖത്തര്‍ സമൂഹത്തോടും നിസ്വാര്‍ത്ഥ സേവനം നടത്താന്‍ യൂത്ത്‌ഫോറം കടപ്പെട്ടിരിക്കുന്നുവെന്ന് അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് പറഞ്ഞു.

 

Related Articles