Current Date

Search
Close this search box.
Search
Close this search box.

യൂത്ത്‌ഫോറം റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

ഐന്‍ഖാലിദ്: സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്തയ്ക്കും അഭിപ്രായപ്രകടനത്തിനും വിശ്വാസത്തിനും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യം, പദവിയിലും അവസരങ്ങളിലും സമത്വം എന്നിവ വിഭാവനം ചെയ്ത ഒരു ഭരണഘടനയാണ് ഇന്ത്യയ്ക്കുള്ളത്. ഇത്തരത്തില്‍ വിശാലമായ മറ്റൊരു ഭരണഘടന ലോകത്ത് കാണാന്‍ കഴിയില്ലെന്ന് യൂത്ത്‌ഫോറം ഐന്‍ഖാലിദ് മേഖല സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ സാമാന്യ ജനത്തിന് വേണ്ടിയതെല്ലാം നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ട്. നാം നമ്മുടെ അവകാശങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നതാണ്  നമ്മുടെ ഭരണഘടനയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ആദരവ്. നാം രാജ്യത്തോടുള്ള നമ്മുടെ കടമ യഥാവിധി നിറവേറ്റിയാല്‍ അനര്‍ഹര്‍ ഒരിക്കലും നമ്മുടെ നിയമ നിര്‍മാണ സഭകളില്‍ എത്തില്ല.   വിവിധ മതങ്ങളുടേയും സംസ്‌കാരങ്ങളുടേയും സംഗമ ഭൂമിയായ ഇന്ത്യയുടെ ബഹുസ്വരതയേയും മിശ്ര സംസ്‌കാരത്തേയും നശിപ്പിച്ചുകൊണ്ട് ഏക ശിലാ സംസ്‌കാരം കെട്ടിപ്പൊക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ പ്രതിരോധം ഉയര്‍ന്ന് വരേണ്ടതുണ്ട്. കെട്ടുകഥകള്‍ ചരിത്രമായും ശാസ്ത്രമായും അവതരിപ്പിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നതിനെതിരെ രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഗള്‍ഫ് മാധ്യമം ബ്യൂറോ ചീഫ് ഷമീര്‍ ഭരതന്നൂര്‍, യൂത്ത്‌ഫോറം കേന്ദ്ര സമിതിയംഗം അന്‍വര്‍ സാദത്ത്, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപിക ഷംന ഫിറോസ് ഖാന്‍, സാമൂഹിക പ്രവര്‍ത്തക ഷമീന അസീസ്, യൂത്ത്‌ഫോറം കേന്ദ്ര പ്രതിനിധി സഭാംഗം അതീഖുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഐന്‍ ഖാലിദ് മേഖല പ്രസിഡണ്ട് ഹാരിസ് പുതുക്കൂല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷറീന്‍ സ്വാഗതം പറഞ്ഞു. കുട്ടികളുടെ കലാപരിപാടികള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, കവിതാലാപനം, സെല്‍ഫീ കോര്‍ണര്‍ തുടങ്ങിയവയും പരിപാടിയെ ശ്രധ്‌ധേയമാക്കി.

Related Articles