Current Date

Search
Close this search box.
Search
Close this search box.

യു.എ.പി.എ; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുക – സോളിഡാരിറ്റി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ ആദിവാസി വനിത ഉള്‍പ്പെടെ എട്ടോളം സാമൂഹികപ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ ഇടതുസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദു റഹ്മാന്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥക്കാലത്തെ കരിനിയമത്തിന്റെ ഇരകൂടിയായ മുഖ്യമന്ത്രി ഈ വിഷയത്തില്‍ മൗനം വെടിയണം. ഇടതു ഭരണം വന്നിട്ടും സാമൂഹികപ്രവര്‍ത്തകര്‍ക്കുമേല്‍ അന്യായമായി കരിനിയമങ്ങള്‍ പ്രയോഗിക്കുന്ന പോലീസ് നടപടിക്കെതിരെ കേരളത്തിലെ പൊതുമനസ്സാക്ഷി പ്രതികരിക്കണമെന്നും പ്രതീക്ഷേധകൂട്ടായ്മ ആവശ്യപ്പെട്ടു. വോട്ട് ചെയ്യാനുള്ള അവകാശത്തെപ്പോലെ ചെയ്യാതിരിക്കാനും പൗരന് അവകാശമുണ്ടെന്ന് സുപ്രീം കോടതി തനെ വ്യക്തമാക്കിയിരിക്കെ ഇത്തരം കേസുകളില്‍ യു.എ.പി.എ പോലുള്ള കരിനിയമക്കേസുകള്‍ നിര്‍ബാധം പ്രയോഗിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ആര്‍ അജയന്‍ അഭിപ്രായപ്പെട്ടു. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ട വിചാരണത്തടവുകാരായി ആയിരക്കണക്കിന് നിരപരാധികള്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ ചികിത്സപോലും നിഷേധിക്കപ്പെട്ടു കഴിയുന്നുണ്ട് എന്നിരിക്കെ അത്തരം കേസുകള്‍ കേരളത്തിലും ഉണ്ടാകുന്നത് ആശങ്കാജനകമാണെന്ന് പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ മജീദ് നദ്‌വി പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് നൗഷാദ് സി.എ അധ്യക്ഷത വഹിച്ച പ്രതിഷേധസംഗമത്തില്‍ ജില്ലാ സമിതിയംഗം മുബാറക്ക് സ്വാഗതവും ജില്ലാ സെക്രട്ടറി അഫ്‌സല്‍ നന്ദിയും പറഞ്ഞു.

Related Articles