Current Date

Search
Close this search box.
Search
Close this search box.

യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റുന്നതിനെതിരെ ഹമാസ് രംഗത്ത്

 

ഗസ്സ സിറ്റി: തെല്‍അവീവിലുള്ള അമേരിക്കയുടെ എംബസി ജറൂസലേമിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനെതിരെ ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് രംഗത്ത്. ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക ജറൂസലേമിനെ പ്രഖ്യാപിക്കാനിരിക്കേയാണ് യു.എസിന്റെ എംബസിയും മാറ്റിസ്ഥാപിക്കാന്‍ പോകുന്നത്. ‘ഇത് മേഖലയില്‍ യു.എസിന്റെ കൈയേറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഇസ്രായേലിന് ഇവിടെ കൂടുതല്‍ നിയമസാധുത നല്‍കുകയാണ് ഇതിലൂടെ അമേരിക്ക ഉദ്ദേശിക്കുന്നതെന്നും ഹമാസ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ബുധനാഴ്ചയാണ് യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എംബസി തെല്‍അവീവില്‍ നിന്നു മാറ്റുന്നത് സംബന്ധിച്ച് ട്രംപ് ഉറപ്പു നല്‍കിയിരുന്നു.

ഫലസ്തീനികളെ ജറൂസലേമില്‍ നിന്നും പുറത്താക്കുന്നതിനും ഇസ്രായേലിനെ സംരക്ഷിക്കുകയുമാണ് അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്നത്. അറബ്- ഇസ്ലാമിക രാജ്യങ്ങള്‍ യു.എസിന്റെ ഈ തീരുമാനത്തിനെതിരേ രംഗത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹമാസ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

കാലങ്ങളായി തുടരുന്ന ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ പ്രധാന കേന്ദ്രമാണ് ജറൂസലേം. ഇസ്രായേലിന്റെ ആധിപത്യത്തില്‍ നിന്നും കിഴക്കന്‍ ജറൂസലേമിനെ മോചിപ്പിച്ച് രാജ്യത്തിന്റെ ഭാവി തലസ്ഥാനമാക്കണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം. ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിനെതിരേ അറബ് ലോകത്തു നിന്നും വ്യാപക പ്രതിഷേധമാണുയരുന്നത്.

 

 

Related Articles