Current Date

Search
Close this search box.
Search
Close this search box.

യു.എന്നിലെ യു.എസിന്റെ വീറ്റോ: പ്രതിഷേധവുമായി അറബ് രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ വീറ്റോ ചെയ്ത യു.എസിന്റെ നടപടിയില്‍ അറബ് രാജ്യങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലിയുടെ തീരുമാനത്തിനെതിരേ കനത്ത പ്രതിഷേധ പരിപാടികളാണ് അറബ് രാജ്യങ്ങളില്‍ അരങ്ങേറുന്നത്.

ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരേയാണ് തിങ്കളാഴ്ച യു.എന്നില്‍ പ്രമേയം അവതരിപ്പിച്ചത്.  എന്നാല്‍ പ്രമേയത്തെ യു.എസ് തങ്ങളുടെ വീറ്റോ പവര്‍ ഉപയോഗിച്ച് എതിര്‍ക്കുകയായിരുന്നു. ഇതോടെ ട്രംപിന്റെ തീരുമാനത്തിനെതിരേയുള്ള പ്രമേയം യു.എന്നില്‍ പാസായില്ല.
ഈജിപ്ത്,ഫല്‌സ്തീന്‍,കുവൈത്ത്,ഖത്തര്‍,തുര്‍ക്കി എന്നീ രാജ്യങ്ങളാണ് യു.എസിന്റെ തീരുമാനത്തിനെതിരേ രംഗത്തെത്തിയത്.
തങ്ങള്‍ വീറ്റോ നടപടിയില്‍ ശക്തമായി അപലപിക്കുന്നു. സ്ഥിരതയാണ് ഇതിലൂടെ അമേരിക്കക്ക് നഷ്ടമായതെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യു.എന്‍ അടിയന്തിരമായി ജനറല്‍ അസംബ്ലി മീറ്റിങ് വിളിക്കണമെന്ന്ാണ് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മല്‍കി അറിയിച്ചത്. യു.എസ് അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുകയാണ്. വീറ്റോ മൂലം യു.എസിന് മറ്റു രാജ്യങ്ങളുടെ കനത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും പ്രകോപനപരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ തങ്ങള്‍ കനത്ത ദു:ഖം രേഖപ്പെടുത്തുന്നതായും അമേരിക്ക അന്താരാഷ്ട്ര സമൂഹത്തിന്റെ മനസ്സാക്ഷിക്ക് ചെവികൊടുക്കുന്നില്ലെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം വക്താവ് അഹ്മദ് അബൂ സെയ്ദ് പറഞ്ഞു.
യു.എസിന്റേത് ഏകപക്ഷീയ നടപടിയാണ്. അതിനെ എതിര്‍ത്ത നടപടി സ്വതന്ത്ര ലോകത്തിനായി നമ്മള്‍ ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണെന്നും കുവൈത്ത് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അലി അല്‍ ഗനീം പറഞ്ഞു.

‘ഭീകരത എല്ലാ രാജ്യങ്ങള്‍ക്കും ഒരു വെല്ലുവിളിയാണ്. ജറൂസലേമിലെ പ്രശ്‌നങ്ങള്‍ ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഖത്തര്‍ അഭിപ്രായപ്പെട്ടു. ദീര്‍ഘകാലം നിലനിന്നിരുന്ന ധാരണയാണ് ട്രംപിന്റെ തീരുമാനത്തിലൂടെ തകര്‍ന്നതെന്നും ഖത്തര്‍ ഐ.യു.എം.എസ് സെക്രട്ടറി ജനറല്‍ അലി ഖരദാഗി പറഞ്ഞു.

 

 

Related Articles