Current Date

Search
Close this search box.
Search
Close this search box.

യുനെസ്‌കോ വിദ്യാഭ്യാസ പദ്ധതിക്ക് അംഗീകാരം നല്‍കിയ റൂഹാനി ഭരണകൂടത്തിനെതിരെ ഖാംനഈ

തെഹ്‌റാന്‍: ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള യുനെസ്‌കോ (UNESCO) മുന്നോട്ടുവെച്ച വിദ്യാഭ്യാസ പദ്ധതി അംഗീകരിക്കുകയും അതില്‍ ഒപ്പുവെക്കുകയും ചെയ്ത ഹസന്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ. പാശ്ചാത്യ സ്വാധീനമുള്ള പദ്ധതി എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. രാജ്യത്തിന് അനുയോജ്യമായ വിദ്യാഭ്യാസ പദ്ധതികളും നിയമങ്ങളും ഇവിടെയുണ്ട്. വന്‍ രാഷ്ട്രങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം രാഷ്ട്രങ്ങള്‍ തങ്ങളുടെ സംസ്‌കാരവും നാഗരികതയും ലോക രാഷ്ട്രങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള അധ്യാപനങ്ങള്‍ നമുക്ക് വേണ്ടതില്ല. എന്ന് അധ്യാപകരുടെ സംഘത്തെ അഭിമുഖീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രസ്തുത രേഖയില്‍ ഭരണകൂടം ഒപ്പുവെച്ചത് അംഗീകരിക്കാനാവാത്തതും പൂര്‍ണമായും തള്ളിക്കളയേണ്ടതുമാണെന്നും ഖാംനഈ വ്യക്തമാക്കി. ഈ രംഗത്ത് നടക്കുന്ന ഏതൊരു നീക്കത്തെയും നിരീക്ഷണ വിധേയമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്‌ലാമികാധ്യാപനങ്ങളെ അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള ഇസ്‌ലാമിക് റിപബ്ലിക്കാണ് ഇറാനെന്നും വിനാശകാരിയായ അടിസ്ഥാനങ്ങളില്‍ നിലകൊള്ളുന്ന പാശ്ചാത്യ ജീവിത ശൈലിക്ക് അതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യുനെസ്‌കോയുടെ എജ്യുക്കേഷന്‍-2030 പദ്ധതിയോടുള്ള വിയോജിപ്പിന്റെ വിശദാംശങ്ങള്‍ ഇറാന്‍ നേതാവ് വ്യക്തമാക്കിയിട്ടില്ലെന്ന് റോയിട്ടേഴ്‌സ് സൂചിപ്പിച്ചു.

Related Articles