Current Date

Search
Close this search box.
Search
Close this search box.

യുദ്ധത്തില്‍ കണ്ണ് നഷ്ടപ്പെട്ട് ലോകത്തിനു മുമ്പില്‍ നൊമ്പരമായി സിറിയന്‍ ബാലന്‍

ദമസ്‌കസ്: ആഭ്യന്തര യുദ്ധം മൂലം വീടും നാടും ജീവനും നഷ്ടപ്പെട്ട് യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന സിറിയന്‍ ജനതയുടെ വാര്‍ത്തകളും ചിത്രങ്ങളും ലോകമാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. യുദ്ധഭൂമിയില്‍ നിന്നും മനുഷ്യമനസ്സാക്ഷിയെ അസ്വസ്ഥപ്പെടുത്തുന്ന വിവിധ വാര്‍ത്തകളും ചിത്രങ്ങളും ദിനേന പുറത്തു വരാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ലോക മനസാക്ഷിയെ അസ്വസ്ഥപ്പെടുത്തുന്നത്.

സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യത്തിന്റെ ഉപരോധം മൂലം സ്വന്തം മാതാവിനെയും കണ്ണും നഷ്ടപ്പെട്ട് തലയില്‍ മുഴുവന്‍ വെടിയുണ്ടകളേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടു മാസം മാത്രം പ്രായമുള്ള കരീം ആണ് ഇപ്പോള്‍ ലോകത്തിന് നൊമ്പരമാകുന്നത്.

syria

പിറന്നു വീണ ദിവസങ്ങള്‍ക്കകം മുലപ്പാല്‍ പോലും കുടിക്കാന്‍ ഭാഗ്യം ലഭിക്കാതെ സ്വന്തം ഉമ്മ നഷ്ടപ്പെട്ടതും സൈന്യത്തിന്റെ ബോംബാക്രമണം മൂലം തലയുടെ ഒരു ഭാഗം മുഴുവനായും തകര്‍ന്നിട്ടും പുനര്‍ജീവിതത്തിലേക്ക് പറന്നുയരുന്ന കരീമിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു.

പതിനായിരങ്ങളാണ് കരീമിന് പിന്തുണയുമായി ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ദമസ്‌കസിലെ വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ പ്രവിശ്യയാണ് ഗൂത. മേഖല കഴിഞ്ഞ കുറേ മാസങ്ങളായി സിറിയന്‍ സൈന്യത്തിന്റെ ഉപരോധത്തിലാണ്. ഉപരോധത്തിനിടെ ബോംബാക്രമണങ്ങളും വെടിവയ്പ്പും വ്യോമാക്രമണവും പതിവാണ്.
നവംബറില്‍ കിഴക്കന്‍ ഗൂതയിലെ മാര്‍ക്കറ്റില്‍ നടന്ന വ്യോമാക്രമണത്തിലാണ് കരീമിന് തന്റെ മാതാവിനെ നഷ്ടമാകുന്നത്. അന്ന് കരീമിന് വെറും ഒരു മാസം മാത്രമേ പ്രായമുള്ളൂ. ആക്രമണത്തില്‍ കരീമിന് തലയോട്ടിയില്‍ നിറയെ പരുക്കും ഇടതു കണ്ണും പൂര്‍ണമായും നഷ്ടപ്പെട്ടു. എന്നാല്‍ അവനെ പൊന്നുപോലെ വളര്‍ത്താന്‍ അവന്റെ വല്യുമ്മയും സഹോദരനും സഹോദരിയും ഇവിടെ ബാക്കിയായുണ്ടായിരുന്നു. ഇവര്‍ മൂന്നു പേരുമാണ് രാവും പകലും കരീമിന് കൂട്ടായി കൂടെ നില്‍ക്കുന്നത്.  തലക്ക് ഗുരുതരമായി പരുക്കേറ്റ് വെറും രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പുതിയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നത് അല്‍പം ശ്രമകരമാണ്. എന്നാല്‍ പ്രായത്തിന്റെ അവശത മറന്ന് വല്യുമ്മയും കുഞ്ഞുസഹോദരിയും സഹോദരനും കരീമിനെ താലോലിച്ചും സ്‌നേഹിച്ചും കൂടെ നില്‍ക്കുകയാണ്.

ട്വിറ്ററിലും ഫേസ്ബുക്കിലും കരീമിനെ പിന്തുണച്ചും ഫോട്ടോകള്‍ ഷെയര്‍ ചെയ്തും വ്യാപകമായ പോസ്റ്റുകളാണ് പ്രചരിക്കുന്നത്. #SolidarityWithKarim,#BabyKarim I see you,#EasternGhouta siege must end’ തുടങ്ങിയ ഹാഷ്ടാഗ് പോസ്റ്റുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. അറബി,ഇംഗ്ലീഷ്,തുര്‍ക്കി ഭാഷകളിലും ഹാഷ്ടാഗ് ക്യാംപയിന്‍ നടക്കുന്നുണ്ട്.

2013 മുതലാണ് മേഖലയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നത്. ഉപരോധം ആരംഭിച്ചതോടെ ഇവിടെ നിന്നും നിരവധി പേരാണ് അഭയാര്‍ത്ഥികളായി പലായനം ചെയ്തത്. പ്രദേശത്തെ ഭക്ഷണം,എണ്ണ,മരുന്നുകള്‍ എന്നിവയെല്ലാം കവര്‍ന്നു. ആറു വര്‍ഷത്തെ യുദ്ധം തുടരുന്നതിനാല്‍ മേഖലയില്‍ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരക്കുറവുള്ളതായും പ്രദേശത്തെ സ്ഥിതി വളരെ സങ്കീര്‍ണ്ണമാണെന്നും യു.എന്‍ അറിയിച്ചിരുന്നു.

 

Related Articles