Current Date

Search
Close this search box.
Search
Close this search box.

യുഎന്‍ മുന്നറിയിപ്പുകള്‍ മുഖവിലക്കെടുക്കാതെ മ്യാന്‍മറില്‍ അറസ്റ്റുകള്‍ തുടരുന്നു

യാങ്കൂണ്‍: റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന കൊലപാതകങ്ങളിലും ബലാല്‍സംഗങ്ങളിലും അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ആവശ്യം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലും മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ അറാകാനില്‍ അറസ്റ്റുകള്‍ തുടരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മൗങ്‌ദോ, യാതായ് തായോങ് പ്രദേശങ്ങളിലുണ്ടായ സായുധ ആക്രമണത്തില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്ന നാല് പേര് കൂടി അറസ്റ്റ് ചെയ്തതായി തിങ്കളാഴ്ച്ച മ്യാന്‍മര്‍ വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചിരുന്നു. ഭീകരപ്രവര്‍ത്തന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ശനിയാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം 74 പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പോലീസ് കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പേരില്‍ ഒക്ടോബര്‍ അവസാനത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ മ്യാന്‍മര്‍ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. ആരോപണ വിധേയരായവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള സാധ്യയുണ്ടെന്നാണ് പേരു വെളിപ്പെടുത്താതെ യാങ്കൂണിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
അറാകാനില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക മനുഷ്യാവകാശ പ്രതിനിധി യാങീ ലീ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. അവിടെ നിരപരാധികള്‍ക്ക് വധശിക്ഷകളും അറസ്റ്റുകളും ബലാല്‍സംഗങ്ങളും അടക്കമുള്ള ഭീതിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ സംസാരത്തില്‍ അവര്‍ വ്യക്തമാക്കി. അറാകാനില്‍ നിയമത്തിന്റെ പരമാധികാരം മാനിക്കുകുയം അക്രമസംഭവങ്ങളില്‍ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണെന്നും കഴിഞ്ഞ വെള്ളിയാഴ്ച്ച ഐക്യരാഷ്ട്രസഭ മ്യാന്‍മര്‍ സുരക്ഷാ വിഭാഗത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Related Articles