Current Date

Search
Close this search box.
Search
Close this search box.

യമന്‍ പ്രസിഡന്റ് സൗദിയില്‍ തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണ്: അസോസിയേറ്റഡ് പ്രസ്സ്

കെയ്‌റോ: സൗദിയില്‍ കഴിയുന്ന യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയും അദ്ദേഹത്തിന്റെ രണ്ട് മക്കളും യമന്‍ മന്ത്രിമാരും സൈനിക ഉദ്യോഗസ്ഥരും നാട്ടിലേക്ക് മടങ്ങുന്നതില്‍ മാസങ്ങളായി തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപോര്‍ട്ട് ചെയ്യുന്നു. തന്റെ പേരില്‍ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യം രാജ്യത്തിന്റെ വിമതര്‍ക്കെതിരെ യുദ്ധം ചെയ്യുമ്പോള്‍ നാടിന് പുറത്ത് കഴിയുന്ന നേതാവ് എത്രത്തോളം ദുര്‍ബലനാക്കപ്പെടുന്നു എന്നതിന്റെ സൂചനയായിട്ടാണ് യമന്‍ ഉദ്യോഗസ്ഥര്‍ അസോസിയേറ്റഡ് പ്രസ്സിനോട് ഇക്കാര്യം പറഞ്ഞത്.
പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്കും യു.എ.ഇക്കും ഇടയിലെ ശത്രുതയാണ് ഈ വിലക്കിന് പിന്നിലെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. യമനില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം അധികസമയവും ഹാദിയും അദ്ദേഹത്തിന്റെ സര്‍ക്കാറും റിയാദിലാണുള്ളത്. യു.എ.ഇയും സൗദിയും പ്രധാന ശക്തികളായ അറബ് സഖ്യം പറയുന്നത് തങ്ങള്‍ ഹാദിയുടെ സര്‍ക്കാറിന് വേണ്ടി പ്രതിരോധിക്കുകയും ശിയക്കളായ ഹൂഥി വിമര്‍ക്കെതിരെ യുദ്ധം ചെയ്യുകയുമാണെന്നാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ യമനില്‍ നിന്നും പോന്നിട്ടുള്ള ഹാദി മടങ്ങാന്‍ അനുവാദം ആവശ്യപ്പെട്ടു കൊണ്ട് നിരന്തരം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് കത്തെഴുതിയിരുന്നു. എന്നാല്‍ അതിനൊന്നും യാതൊരു മറുപടിയും ലഭിച്ചിച്ചില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റില്‍ താല്‍ക്കാലിക തലസ്ഥാനമായ ഏദനിലേക്ക് പോകുന്നതിനായി ഹാദി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നെങ്കിലും അവിടെ വെച്ച് മടക്കിയയക്കപ്പെടുകയായിരുന്നു എന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. നേരത്തെ ഹാദിയുടെയും ഏതാനും ഉദ്യോഗസ്ഥരുടെയും പാസ്‌പോര്‍ട്ട് വാങ്ങിവെച്ചിരുന്നുവെങ്കിലും പിന്നീടത് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ യമനിലേക്ക് പോകുന്നതില്‍ നിന്ന് അവര്‍ തടയപ്പെട്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിചേര്‍ത്തു.

 

Related Articles