Current Date

Search
Close this search box.
Search
Close this search box.

യമന്‍; കോളറ വ്യാപനത്തിന് സൗദി ഉത്തരവാദിയെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം

വാഷിംഗ്ടണ്‍: യമനിലെ കോളറ വ്യാപനത്തിനും പട്ടിണിക്കും കാരണം സൗദിയാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗം റോ ഖന്ന. ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നത് അവര്‍ തടഞ്ഞതിനാലാണതെന്നും അദ്ദേഹം വ്യക്തമാക്കി. തുറമുഖങ്ങള്‍ ഉപരോധിക്കുകയും ഭക്ഷണവും മരുന്നും പ്രവേശിപ്പിക്കുന്നത് തടയുകയും ചെയ്യുന്ന സൗദിക്ക് ഹൂഥികളെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൂഥികള്‍ നിരപരാധികളല്ല. അവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സൗദി മരുന്നും ഭക്ഷണവും എത്തിക്കുന്നത് തടഞ്ഞും ആ പ്രദേശങ്ങളിലെ സിവിലിയന്‍മാര്‍ക്ക് മേല്‍ ആക്രമണം നടത്തിയും സ്ഥിതി കൂടുതല്‍ ദുരിതപൂര്‍ണമാക്കുകയായിരുന്നു. എന്നും ഖന്ന ആക്ഷേപിച്ചു.
യമന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തെറ്റായ നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മറുവശത്ത് ഇറാനുള്ളത് കൊണ്ട് സൗദിക്കൊപ്പം നിന്ന് പക്ഷപാത സമീപനമാണ് അമേരിക്കന്‍ ഭരണകൂടം സ്വീകരിക്കുന്നതെന്നും ഈ സമീപനം അമേരിക്കയുടെ ദേശീയ താല്‍പര്യങ്ങള്‍ക്ക് ഗുണകരമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യമന്‍ വിഷയത്തില്‍ അമേരിക്കക്കാരെ അലംഭാവം കാണിക്കുന്നവരും തങ്ങളുടെ മൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞവരുമായിട്ടാണ് കാണപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യമനിലെ യുദ്ധത്തില്‍ സൗദിക്ക് നല്‍കുന്ന സൈനിക പിന്തുണ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യമനിലെ കോളറ രോഗത്തിന്റെ വ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. 820,000 പേര്‍ക്ക് അവിടെ കോളറ ബാധയുള്ളതായിട്ടാണ് സംശയിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ കോളറ പിടിപെട്ട് 2150 ലേറെ പേര്‍ അവിടെ മരണപ്പെട്ടിട്ടുണ്ട്. യമന്റെ 92 ശതമാനം ഭൂപ്രദേശങ്ങളിലും കോളറ പരക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയുടെ വക്താവ് സ്റ്റീഫന്‍ ദുജ്ജാരിക് പറഞ്ഞിരുന്നു.

Related Articles