Current Date

Search
Close this search box.
Search
Close this search box.

യമന്‍; അമേരിക്കന്‍ സൈന്യം എട്ടു വയസ്സുകാരിയെ വെടിവെച്ച് കൊന്നു

സന്‍ആ: ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം അമേരിക്കന്‍ സൈന്യം യമനിലെ അല്‍ബയ്ദ പ്രവിശ്യയില്‍ നടത്തിയ ഡ്രോണ്‍-കമാണ്ടോ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരില്‍ എട്ട് വയസ്സുകാരിയും. അമേരിക്കന്‍ സൈന്യം വിജയകരം എന്ന് വിശേഷിപ്പിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരുടെ എണ്ണം നിരവധിയാണ്. ഞായറാഴ്ച്ച നടന്ന ആക്രമണത്തില്‍ 30 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതരെ ഉദ്ദരിച്ചു കൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പത്ത് പേര്‍ സ്ത്രീകളും കുട്ടികളുമാണ്.
കൊല്ലപ്പെട്ടവരില്‍ എട്ട് വയസ്സുകാരി നവാര്‍ അല്‍ഔലകിയും ഉള്‍പ്പെടും. 2011-ല്‍ യമനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരനും മതപ്രബോധകനുമായ അന്‍വര്‍ അല്‍ഔലകിയുടെ മകളാണ് കൊല്ലപ്പെട്ട നവാര്‍. അന്‍വര്‍ കൊല്ലപ്പെട്ടതിന് ശേഷം രണ്ടാഴ്ച്ച കഴിഞ്ഞ്, അദ്ദേഹത്തിന്റെ 16 വയസ്സുകാരന്‍ മകന്‍ അബ്ദുറഹ്മാനും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
‘അവള്‍ക്ക് (നവാറിന്) ഒരുപാട് തവണ വെടിയേറ്റു. ഒരു വെടിയുണ്ട അവളുടെ കഴുത്തിലൂടെയാണ് കടന്ന് പോയത്. രണ്ട് മണിക്കൂറോളം അവള്‍ രക്തംവാര്‍ന്ന് കിടന്നു. കാരണം വൈദ്യസഹായം ലഭിക്കുന്ന ഒരു സാഹചര്യമല്ലായിരുന്നു അപ്പോള്‍’ നവാറിന്റെ അമ്മാവനും, മുന്‍ യമന്‍ പരിസ്ഥിതി സഹമന്ത്രിയുമായിരുന്ന അമ്മാര്‍ അല്‍ഔലകി ഫേസ്ബുകില്‍ കുറിച്ചു.
‘പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടിയായിരുന്നു അവള്‍. രക്തം വാര്‍ന്നു പോകുമ്പോഴും ‘ഉമ്മാ കരയരുത്, എനിക്ക് കുഴപ്പമൊന്നുമില്ല’ എന്ന് പറഞ്ഞ് അവള്‍ ഉമ്മയെ സമാധാനപ്പെടുത്തുകയായിരുന്നു’ അമ്മാര്‍ വികാരഭരിതനായി. ‘വൈകുന്നേരത്തോടെ അവളുടെ ആത്മാവ് ആ കുഞ്ഞ് ശരീരം വിട്ട് പറന്നകന്നു.’
അതേസമയം സൈനിക നീക്കങ്ങള്‍ക്കിടെ സംഭവിക്കുന്ന സിവിലിയന്‍ മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നായിരുന്നു അമേരിക്കന്‍ സൈനികരുടെയും, രാഷ്ട്രീയ ഉദ്യോഗസ്ഥരുടെയും പ്രതികരണം. ‘നവാര്‍ അല്‍ഔലകി വ്യോമാക്രമണത്തിലല്ല കൊല്ലപ്പെട്ടത്. വളരെ അടുത്ത് നിന്ന് ഒരു അമേരിക്കന്‍ സൈനികന്‍ അവളെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇത് ഭീകരവാദത്തിന് അപ്പുറമുള്ള ഭീകരവാദമാണ്.’ യമന്‍ രാഷ്ട്രീയ വക്താവ് അലി അല്‍ബുഖൈതി പറഞ്ഞു.
ഭീകരവാദ സംഘങ്ങളെ സംബന്ധിച്ച വിവരശേഖരണത്തിന്റെ പേരിലാണ് അമേരിക്ക യമനില്‍ ഡ്രോണാക്രമണങ്ങള്‍ നടത്തി വരുന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും സിവിലിയന്‍മാരാണ്.

Related Articles