Current Date

Search
Close this search box.
Search
Close this search box.

യഥാര്‍ഥ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നത് വഞ്ചന: ഫ്രന്റ്‌സ് ബഹ്‌റൈന്‍

മനാമ: രാജ്യത്തേക്ക് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന യഥാര്‍ഥ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ നടത്തുന്ന മാമാങ്കങ്ങള്‍ അരമുറുക്കിയുടുക്കുന്ന സാധാരണ പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തേക്ക് തിരികെയത്താന്‍ എപ്പോഴും ആഗ്രഹിക്കുകയും തങ്ങളുടെ നാടിന് വേണ്ടി വിയര്‍പ്പൊഴുക്കുകയും ചെയ്യുന്ന സാധാരണ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രവാസി ഭാരതീയ ദിവസില്‍ ചര്‍ച്ചയാക്കപ്പെടുകയോ പരിഹാരങ്ങള്‍ ഉണ്ടാവുകയോ ചെയ്യുന്നില്ല. കോര്‍പറേറ്റുകള്‍ക്കും കുത്തകക്കാര്‍ക്കും കീഴൊതുങ്ങിയ സര്‍ക്കാര്‍ പ്രവാസി ഭാരതീയ ദിവസ് നടത്തുന്നതും ഇത്തരക്കാര്‍ക്ക് വേണ്ടിയാണെന്ന സംശയം ബലപ്പെടുത്തിയിരിക്കുകയാണ് ഇപ്രാവശ്യത്തെ സമ്മേളനവും. പ്രവാസി കാര്യ മന്ത്രാലയം നിര്‍ത്തലാക്കിയത് പോലെ തന്നെ പ്രവാസി വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടാത്ത സമ്മേളനങ്ങള്‍ എന്തിനാണെന്നത് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. അവധി സീസണുകളിലെ അന്യായമായ വിമാന ചാര്‍ജ്, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം കാണേണ്ട സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളോട് തികഞ്ഞ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും ഫ്രന്റ്‌സ് വിലയിരുത്തി. പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍, സെക്രട്ടറി എം.എം സുബൈര്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.

Related Articles