Current Date

Search
Close this search box.
Search
Close this search box.

മൗസില്‍ തിരിച്ചുപിടിക്കല്‍: അമേരിക്ക 600 സൈനികരെ കൂടി വിന്യസിക്കും

വാഷിങ്ങ്ടണ്‍: ഐ.എസ് അധീനപ്രദേശമായ ഇറാഖിലെ മൗസില്‍ തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിന് പ്രാദേശിക സൈന്യത്തെ സന്നദ്ധമാക്കുന്നതിന് യു.എസ് 600 സൈനികരെ കൂടി ഇറാഖിലേക്ക് അയക്കും. ഇറാഖിലെ രണ്ടാമത്തെ പ്രധാനപ്പെട്ട നഗരമായ മൗസില്‍ ഐ.എസില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യത്തിന് ആവശ്യമായ നിര്‍ദേശങ്ങളും നയന്ത്രപരമായ പിന്തുണയും യു.എസ് സൈന്യത്തിന്റെ പക്ഷത്തുനിന്നുമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ പ്രസ്താവിച്ചു.
അന്താരാഷ്ട്ര സഖ്യത്തിന് കീഴില്‍ സൈന്യത്തിന്റെ എണ്ണം വര്‍ധിപ്പിക്കണമെന്ന ഇറാഖ് സര്‍ക്കാറിന്റെ ആവശ്യം അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ അംഗീകരിച്ചതായി ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞാഴ്ച യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയ അബാദി അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, വൈസ് പ്രസിഡണ്ട് ജോ ബിഡന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കരാര്‍ അവിടെ നിന്നും ധാരണയിലെത്തിയതാണെയെന്ന് വ്യക്തമല്ല. യു.എസ് ഇറാഖിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ ഉദ്ദേശിക്കുന്നതായി യു.എസ് ആര്‍മി ജനറലും പശ്ചിമേഷ്യയിലെ സൈനിക മേല്‍നോട്ടക്കാരനുമായ ജോസഫ് വോട്ടല്‍ കഴിഞ്ഞ ജൂലൈയില്‍ റോയിറ്റേഴസിനോട് പറഞ്ഞിരുന്നു.
2014ല്‍ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഐ.എസ് ഭീഷണിശക്തമായത് മുതല്‍ ഇറാഖ് സൈന്യത്തിന് വ്യോമാക്രമണത്തിനു സഹായവും പരിശീലനവും ഉപദേശവും നല്‍കുന്നതിന് അമേരികന്‍ സഖ്യസേന 4400 ഓളം സൈനികരെ ഇറാഖില്‍ വിന്യസിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ പകുധിയിലധികം ഐ.എസ് അധീനപ്രദേശങ്ങളും ഇറാഖിസേന തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ ഐ.എസ് അധീനതയിലുള്ള ഏറ്റവും വലിയ നഗരമായ മൗസില്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. നഗരം തിരിച്ചുപിടിക്കാനുള്ള പോരാട്ടം ഒക്ടോബര്‍ പകുതിയോടെ ശക്തിപ്പെടുത്തുമെന്ന് യു.എസ്, ഇറാഖീ സൈനിക വക്താക്കള്‍ പറഞ്ഞു.
2003 ല്‍ ഇറാഖില്‍ സദ്ദാം ഹുസൈന്‍ സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനു വരെ കാരണമായ യുദ്ധസമയത്ത് 170000 ത്തോളം സൈന്യത്തെയായിരുന്നു അമേരിക ഇറാഖില്‍ വിന്യസിച്ചിരുന്നത്. ഇതിന്റ ചെറിയ ഒരംശം സൈന്യത്തെ മാത്രമേ ഇപ്പോള്‍ അമേരിക്ക ഇറാഖിലേക്ക് വിന്യസിക്കുന്നുള്ളു. അമേരിക്കയുടെ നടപടി ഇറാഖില്‍ അല്‍ഖാഇദയുടെ നേതൃത്വത്തില്‍ കലാപമുണ്ടാക്കുന്നതിനും അതുവഴി രാജ്യത്ത് സിവിലിയന്മാര്‍ക്കെതിരെ യുദ്ധം നടക്കുന്നതിനും കാരണമായിത്തീര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക നിര്‍ബന്ധിതമാവുകയായിരുന്നു.

Related Articles