Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മറില്‍ മദ്‌റസകള്‍ അടച്ചതില്‍ പ്രതിഷേധം

യാങ്കൂണ്‍: രണ്ട് മദ്‌റസകള്‍ അടച്ചതിനൊപ്പം മറ്റ് ആറ് മദ്‌റസകളില്‍ ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ നിന്ന് മുസ്‌ലിംകളെ തടയുകയും ചെയ്തതില്‍ പ്രതിഷേധിച്ച് മ്യാന്‍മറിന്റെ മുന്‍ തലസ്ഥാനവും വന്‍ നഗരങ്ങളില്‍ ഒന്നുമായ യാങ്കൂണില്‍ നിരവധി മുസ്‌ലിംകള്‍ പ്രകടനം നടത്തി. കഴിഞ്ഞ മെയ് 10 മുതല്‍ അടച്ചുപൂട്ടിയിരിക്കുന്ന ഒരു മദ്‌റസക്ക് മുന്നില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനും പ്രതിഷേധിക്കുന്നതിനുമായി നൂറോളം മുസ്‌ലിംകള്‍ ഒരുമിച്ചു കൂടി. മദ്‌റസ അടച്ചുപൂട്ടുന്നത് താല്‍ക്കാലികമാണെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ അവസാനത്തില്‍ മുസ്‌ലിംകള്‍ക്കും ബുദ്ധവിഭാഗക്കാര്‍ക്കും ഇടയിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നായിരുന്നു മദ്‌റസകള്‍ അടച്ചത്. നഗരത്തില്‍ മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശത്ത് പ്രദേശവാസികള്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് ഒളിച്ച് താമസിക്കാന്‍ സൗകര്യം ഒരുക്കുന്നുണ്ടെന്ന് ആരോപിച്ച് ബുദ്ധ വിഭാഗക്കാര്‍ അതിക്രമിച്ചു കടന്നതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.
പ്രത്യേകിച്ച് യാതൊരു കാരണവും കാണിക്കാതെ ആറ് മദ്‌റസകളില്‍ ആരാധനാ കര്‍മങ്ങള്‍ നടത്തുന്നത് ഭരണകൂടം തടഞ്ഞിരിക്കുകയാണെന്ന് ഒരു മദ്‌റസക്ക് നേതൃത്വം നല്‍കുന്ന തീന്‍ ഷു പറഞ്ഞു. വിശുദ്ധ റമദാനില്‍ പ്രസ്തുത മദ്‌റസകളില്‍ ആരാധനാ കര്‍മങ്ങള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെട്ടും ഈ ആവശ്യം പരിഗണിക്കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അതുകൊണ്ടു തന്നെ മുസ്‌ലിംകള്‍ തങ്ങളുടെ വീടുകളിലും കടകളിലും നമസ്‌കാരം നിര്‍വഹിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എത്രയോ കാലങ്ങളായി ആ മദ്‌റസകളില്‍ തങ്ങള്‍ നമസ്‌കരിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തവണ റമദാനില്‍ അവിടെ നമസ്‌കരിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കാതെ പോയിരിക്കുകയാണെന്നും പ്രതിഷേധക്കാരിലൊരാളായ മീന്‍ നൂങ് പറഞ്ഞു. മദ്‌റസകള്‍ അടച്ച മ്യാന്‍മര്‍ ഭരണകൂട നടപടിയെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കി.

Related Articles