Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മറില്‍ നടക്കുന്നത് വംശീയ ഉന്മൂലനം: അന്റോണിയോ ഗുട്ടറസ്

ന്യൂയോര്‍ക്ക്: വംശീയ ഉന്മൂലനത്തിന്റെ അപകടത്തെയാണ് മ്യാന്‍മര്‍ അഭിമുകീകരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്. അവിടെ നടക്കുന്നത് വംശീയ ഉന്മൂലനത്തിന്റെ തലത്തിലേക്ക് എത്താതിരിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് മ്യാന്‍മര്‍ ഭരണകൂടം രാജ്യത്തെ പൗരത്വം നല്‍കേണ്ടത് അനിവാര്യമാണ്. ഏറ്റവും ചുരുങ്ങിയ പക്ഷം രാജ്യത്ത് സാധാരണ ജീവിതം നയിക്കുന്നതിനുള്ള താമസ രേഖകളെങ്കിലും അവര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
”രക്ഷാസമിതി അംഗങ്ങള്‍ക്ക് ഞാന്‍ കത്തയക്കുകയും അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ എന്നെ വളരെയേറെ അസ്വസ്ഥപ്പെടുത്തുന്നു. അറാകാനിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കണമെന്നാണ് മ്യാന്‍മര്‍ ഭരണകൂടത്തോട് ഞാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.” എന്ന് ഗുട്ടറസ് പറഞ്ഞു. എന്നാല്‍ എന്തൊക്കെ നിര്‍ദേശങ്ങളാണ് താന്‍ മുന്നോട്ടു വെച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ആഗസ്റ്റിന് ശേഷം അറാകാനിലെ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷതേടി ഒന്നേകാല്‍ ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37000 റോഹിങ്ക്യകള്‍ മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് കടന്നിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭ സൂചിപ്പിച്ചു. കഴിഞ്ഞ 11 ദിവസത്തിനിടെ ബംഗ്ലാദേശില്‍ നിന്നും പലായനം ചെയ്തവില്‍ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നും റിപോര്‍ട്ട് വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാല്‍ അറാകാനില്‍ നിന്നും തങ്ങളുടെ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതായും ഐക്യരാഷ്ട്രസഭ അറിയിച്ചു. ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരെ പിന്‍വലിച്ച പശ്ചാത്തലത്തില്‍ റോഹിങ്ക്യന്‍ കുട്ടികളെ സഹായിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലെന്നാണ് യുനിസെഫ് പറയുന്നത്.

Related Articles