Current Date

Search
Close this search box.
Search
Close this search box.

മ്യാന്മര്‍ സൈന്യം കൊന്നുതള്ളിയത് ഒന്‍പതിനായിരത്തോളം റോഹിങ്ക്യകളെ

അങ്കാറ: ഒന്‍പതിനായിരത്തിലധികം റോഹിങ്ക്യന്‍ മുസ്‌ലിംകളെയാണ് മ്യാന്മര്‍ സൈന്യം ഇതിനോടകം കൊന്നുതള്ളിയതെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മ്യാന്മറിലെ പടിഞ്ഞാറന്‍ റാഖൈനില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റ് 25നും സെപ്റ്റംബര്‍ 24നുമിടയില്‍ കൊല്ലപ്പെട്ടവരുടെ മാത്രം കണക്കാണിത്. ആഗോള മനുഷ്യാവകാശ സംഘടനയാണ് കണക്കുകള്‍ പുറത്തു വിട്ടത്. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിച്ച് സര്‍വേ നടത്തിയ ശേഷമാണ് സംഘടന ഈ കണക്കുകള്‍ പുറത്തുവിട്ടത്.

കണക്കുകള്‍ പ്രകാരം 6700 റോഹിങ്ക്യളെയാണ് സൈന്യത്തിന്റെ വംശഹത്യ ബാധിച്ചത്. 71.7 ശതമാനം വരുമിത്. ഇതില്‍ അഞ്ചു വയസ്സിനു താഴെയുള്ള 730ഓളം കുട്ടികളുണ്ടെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.  

ഓഗസ്റ്റ് 25 മുതല്‍ ആറരലക്ഷത്തോളം റോഹിങ്ക്യകളാണ് മ്യാന്മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറിയത്. യു.എന്നിന്റെ ഔദ്യോഗിക കണക്കാണിത്. മ്യാന്മറിലെ റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ ബുദ്ധ തീവ്രവാദികളും മ്യാന്മര്‍ സൈന്യവും ക്രൂരമായും കഴുത്തറുത്തും വീടടക്കം കത്തിച്ചും കൂട്ടക്കൊല നടത്തുന്നതിനിടെ രക്ഷപ്പെട്ടവരുടെയും മരിച്ചവരുടെയും കണക്കാണിത്.

‘കലാപത്തില്‍ നിന്നും രക്ഷപ്പെട്ട് ബംഗ്ലാദേശിലെ ക്യാംപില്‍ കഴിയുന്ന റോഹിങ്ക്യകളെ കണ്ട് ഞങ്ങള്‍ സംസാരിച്ചു. അഭയാര്‍ത്ഥി ക്യാംപില്‍ ഇപ്പോള്‍ ആളുകള്‍ നിറഞ്ഞൊഴുകി. നില്‍ക്കാന്‍ സ്ഥലമില്ലാത്ത ക്യാംപുകള്‍ വാസയോഗ്യമല്ലാത്തവും വൃത്തിഹീനവുമാണ്’. സംഘത്തിലെ പ്രതിനിധി പറഞ്ഞു.

ആകെ മരിച്ചവരുടെ കണക്കില്‍ 69 ശതമാനവും ക്രൂരമായ ആക്രമങ്ങളാല്‍ കൊല്ലപ്പെട്ടവരാണ്. 9 ശതമാനം ആളുകള്‍ കത്തിക്കരിഞ്ഞാണ് മരിച്ചത്. 5 ശതമാനം ആളുകളെ അടിച്ചും മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നും കണക്കുകള്‍ പറയുന്നു.

 

Related Articles