Current Date

Search
Close this search box.
Search
Close this search box.

മോചിപ്പിച്ചെടുത്ത പ്രദേശങ്ങള്‍ സിറിയന്‍ ഭരണകൂടത്തിന് കൈമാറില്ല: തുര്‍ക്കി

അങ്കാറ: സിറിയയോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളെ ഐഎസ് മുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ തുര്‍ക്കി നടത്തിയ യൂഫ്രട്ടീസ് ഷീല്‍ഡ് ഓപറേഷനിലൂടെയോ വടക്കന്‍ സിറിയയിലെ അല്‍ബാബ് നഗരത്തില്‍ നടത്തിയ ഓപറേഷനിലൂടെയോ വിമോചിപ്പിച്ചെടുത്ത പ്രദേശങ്ങള്‍ സിറിയന്‍ ഭരണകൂടത്തിന് കൈമാറില്ലെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി നുഅ്മാന്‍ ഖോര്‍തോല്‍മോഷ് വ്യക്തമാക്കി. യൂഫ്രട്ടീസ് ഷീല്‍ഡ് ഓപറേഷന്‍ തുര്‍ക്കിയുടെ ദേശസുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും തെക്കന്‍ അതിര്‍ത്തിക്ക് സമീപത്തെ പ്രദേശങ്ങളില്‍ നിന്നും രാജ്യത്തിന് നേരെയുള്ള വെല്ലുവിളികള്‍ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അതിന് തുടക്കം കുറിച്ചതെന്നും തുര്‍ക്കി ഭരണകൂടത്തിന്റെ വക്താവ് കൂടിയായ അദ്ദേഹം പറഞ്ഞു. അല്‍ബാബില്‍ അവിടത്തുകാരല്ലാത്തവര്‍ അധിനിവേശം നടത്തിയിരിക്കുകയാണ്. അവിടത്തുകാരായ ജനങ്ങളെ അവരുടെ വീടുകളിലേക്ക് മടക്കി കൊണ്ടുവരലും അവര്‍ക്ക് പുതിയൊരു ജീവിതം ഒരുക്കി കൊടുക്കലുമാണ് തുര്‍ക്കിയുടെ പ്രധാന ലക്ഷ്യം. എന്നും അദ്ദേഹം സൂചിപ്പിച്ചു.
തുര്‍ക്കി സൈനിക നേതൃത്വം വ്യക്തമാക്കിയ പ്രകാരം കഴിഞ്ഞ ഡിസംബര്‍ മുതല്‍ തുര്‍ക്കി യുദ്ധവിമാനങ്ങളുടെയും ടാങ്കുകളുടെയും പിന്തുണയോടെ സിറിയന്‍ പ്രതിപക്ഷ സൈനികര്‍ അല്‍ബാബ് നഗരം ഉപരോധിച്ചിരിക്കുകയാണ്. അല്‍ബാബില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം തുര്‍ക്കിയുടെ ഓപറേഷന് മതിയായ പിന്തുണ നല്‍കിയിട്ടില്ലെന്നും ഖോര്‍തോല്‍മോഷ് ആരോപിച്ചു. സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഒരു പദ്ധതിയും ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള മുന്‍ അമേരിക്കന്‍ ഭരണകൂടത്തിനോ അന്താരാഷ്ട്ര സഖ്യത്തിനോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles