Current Date

Search
Close this search box.
Search
Close this search box.

മൊറോക്കോ ഗുലനുമായി ബന്ധമുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു

റബാത്വ്: തുര്‍ക്കി വിമത നേതാവ് ഫത്ഹുല്ല ഗുലനുമായി ബന്ധമുള്ള ‘മുഹമ്മദ് അല്‍ഫാതിഹ്’ ഗ്രൂപ്പിന് കീഴിലുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു മാസത്തിനുള്ളില്‍ അടച്ചുപൂട്ടുമെന്ന് മൊറോക്കോ ഭരണകൂടം പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂലൈയില്‍ തുര്‍ക്കിയിലുണ്ടായ അട്ടിമറി ശ്രമത്തിന് പിന്നില്‍ ഗുലനാണെന്നാണ് ആരോപിക്കപ്പെടുന്നത്. ഗുലന്‍ പ്രസ്ഥാനത്തിന്റെയും അതിന്റെ നേതാവിന്റെയും ആശയങ്ങല്‍ പ്രചരിപ്പിക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അവയെ കുറിച്ച് പ്രത്യേക സംഘം നടത്തിയ അന്വേഷണം വെളിപ്പെടുത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന പറഞ്ഞു. മൊറോക്കോയുടെ വിദ്യാഭ്യാസ സംവിധാനത്തിനും മതത്തിനും നിരക്കാത്ത ചിന്തകള്‍ അവയിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും പ്രസ്താവന സൂചിപ്പിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം പ്രസ്തുത സ്ഥാപനങ്ങളുടെ അധികൃതരോട് വീഴ്ച്ചകള്‍ തിരുത്താനും നിയമങ്ങള്‍ക്കും അംഗീകൃത പാഠ്യപദ്ധതിക്കും അനുസൃതമായ മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനോടവര്‍  പ്രതികരിച്ചിട്ടില്ല. അതിനാലാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു. ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ മന്ത്രാലയം സംവിധാനമുണ്ടാക്കും. പ്രാഥമിക തലം മുതല്‍ സെക്കന്ററി തലം വരെ ഈ സ്‌കൂളുകളില്‍ 2500 ഓളം വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. അതില്‍ 2470 മൊറോക്കോ വിദ്യാര്‍ഥികളും ബാക്കിയുള്ളവര്‍ തുര്‍ക്കി വംശജരുമാണ്. മൊറോക്കോയില്‍ 1993ല്‍ ആരംഭിച്ച ‘മുഹമ്മദ് അല്‍ഫാതിഹ്’ സ്‌കൂളിന് എട്ട് ശാഖകളാണുള്ളത്.

Related Articles