Current Date

Search
Close this search box.
Search
Close this search box.

മേവാത്തില്‍ ബിരിയാണി കച്ചവടക്കാര്‍ക്കും രക്ഷയില്ല

മേവാത്: ബീഫ് ബിരിയാണി വിതരണം ചെയ്യുന്നു എന്ന പരാതിയെ തുടര്‍ന്ന് മേവാത്തിലെ കടകളില്‍ നിന്നും ബിരിയാണിക്കുപയോഗിക്കുന്ന മാംസത്തിന്റെ സാമ്പിള്‍ ശേഖരിക്കാനുള്ള ഹരിയാന സര്‍ക്കാറിന്റെ തീരുമാനം ന്യൂനപക്ഷ സമുദായത്തിന്റെ രോഷത്തിന് കാരണമായിരിക്കുന്നതായി ‘ദ ഹിന്ദു’ റിപോര്‍ട്ട്. ബി.ജെ.പി സര്‍ക്കാര്‍ തങ്ങളെ ഉന്നം വെക്കുകയാണെന്നും വിദേശികളോടെന്ന പോലെ പെരുമാറുകയുമാണെന്ന് അവിടത്തുകാര്‍ പറുന്നത്.
”സ്വന്തം നാട്ടില്‍ വിദേശികളോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറുന്നത്. രാജ്യത്തെ നിയമങ്ങള്‍ ഞങ്ങള്‍ അനുസരിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഉന്നംവെക്കപ്പെടുകുയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഞങ്ങളും പോരാടിയിട്ടുണ്ട്.” കാലങ്ങളായി അവിടെ വസിക്കുന്ന 41കാരനായ ജമീല്‍ അഹ്മദിന്റെ വാക്കുകളാണിത്. ന്യൂനപക്ഷ സമുദായക്കാര്‍ കൂടുതലുള്ള പ്രദേശമായത് കൊണ്ട് മാത്രമാണ് മേവത് സര്‍ക്കാറിന്റെ കടുത്ത നിരീക്ഷണത്തിന് വിധേയമാക്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ”ഇവിടെ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള സോനയില്‍ ഒരുപക്ഷേ ഇവിടത്തേതിലേറെ ബിരിയാണി കച്ചവടക്കാരുണ്ടാവും. എന്നാല്‍ അവര്‍ പരിശോധിക്കപ്പെടുന്നില്ല. ഭൂരിപക്ഷ സമുദായം ഭൂരിപക്ഷമായ പ്രദേശമാണെന്നതാണ് കാരണം. ഞങ്ങളേക്കാള്‍ കൂടുതല്‍ മാംസം അവര്‍ ഉപയോഗിക്കുന്നുണ്ട്. എന്നിട്ടും അവര്‍ പരിശോധനക്ക് വിധേയരാക്കപ്പെടുന്നില്ല.” എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തെരുവു കച്ചവടക്കാരില്‍ തന്നെ നിത്യവൃത്തിക്കായി ഏറ്റവുമധികം പ്രയാസപ്പെടുന്ന വിഭാഗം ബിരിയാണി കച്ചവടക്കാരായിരിക്കാം. പഠനം പാതിവഴിക്ക് നിര്‍ത്തി ബിരിയാണി കച്ചവടത്തിലേക്ക് തിരിഞ്ഞ ഷാറൂഖ് പറയുന്നത് പോലീസിന്റെ ഭാഗത്തു നിന്നുമുള്ള പീഡനങ്ങള്‍ക്ക് തങ്ങള്‍ ഇടക്കിടെ ഇരയാക്കപ്പെടാറുണ്ടെന്നാണ്. ”ആറ് മാസം മുമ്പ്, ഞങ്ങള്‍ക്കൊപ്പം കച്ചവടം ചെയ്യുന്ന സാജിദിനോട് ഇവിടെ കച്ചവടം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് ബിരിയാണി പാത്രം റോഡിലേക്ക് എറിഞ്ഞു. ഞങ്ങള്‍ മാധ്യമങ്ങളെ വിളിച്ച് ഫോട്ടോകള്‍ എടുക്കുകയും പരാതി നല്‍കുകയും ചെയ്‌തെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.” എന്ന് ഷാറൂഖ് വിവരിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശം കൂടി ലഭിച്ചിരിക്കുന്ന പോലീസ് തങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്നാണ് അവര്‍ ആശങ്കപ്പെടുന്നത്.
ഗോവധം സംബന്ധിച്ച സര്‍ക്കാറിന്റെ പുതിയ നിയമം പ്രദേശത്തെ യഥാര്‍ഥ മാംസ കച്ചവടക്കാരെ പ്രയാസപ്പെടുത്തുന്നതിനും അവരില്‍ നിന്നും പണം തട്ടുന്നതിനുമാണ് ദുരുപയോഗപ്പെടുത്തപ്പെടുന്നതെന്ന് പഴക്കച്ചവടക്കാരനായ മുഹമ്മദ് ആസിഫ് പറയുന്നു. ”ഈയടുത്ത് എന്റെ അമ്മാവന്‍ ഡല്‍ഹിയില്‍ നിന്ന് ആടിന്റെ ഇറച്ചിയുമായി വരുമ്പോള്‍ ഹരിയാന പോലീസ് തടയുകയും പരിശോധനക്കായി മാംസത്തിന്റെ സാമ്പിള്‍ എടുക്കുകയും ചെയ്തു. രണ്ട് ലക്ഷം രൂപ വില വരുന്ന മാംസം കുഴിച്ചുമൂടാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. യഥാര്‍ഥ മാംസ കച്ചവടക്കാരെ പോലും പോലീസും ഗോ രക്ഷകരും ഉന്നം വെക്കുന്നതിനോടൊപ്പം ട്രാന്‍സ്‌പോട്ടേഷന്‍ ചെലവും വര്‍ധിച്ചിരിക്കുകയാണ്.” എന്ന് ആസിഫ് പറഞ്ഞു.
മേവത്തില്‍ ബിരിയാണി വില്‍പനയെ ആശ്രയിച്ച് ഒരു ലക്ഷത്തോളം ആളുകള്‍ ജീവിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രദേശത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും മുസ്‌ലിം സമുദായത്തെ പ്രയാസപ്പെടുത്താനുമുള്ള ബി.ജെ.പി സര്‍ക്കാറിന്റെ ശ്രമമായിട്ടാണ് ഇതിനെ നൂഹിലെ മുന്‍ എം.എല്‍.എ അഫ്താബ് അഹ്മദ് കാണുന്നത്. ”കൃത്യമായ എന്തെങ്കിലും വിവരം നല്‍കപ്പെട്ടാല്‍ സര്‍ക്കാര്‍ അതില്‍ നടപടിയെടുക്കണം. എന്നാല്‍ ഗോവധത്തിന്റെ പേരില്‍ മുഴുവന്‍ സമുദായത്തെയും ജില്ലയെയും ആക്ഷേപിക്കുന്നത് സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്.” എന്ന് അദ്ദേഹം പറഞ്ഞു.

Related Articles