Current Date

Search
Close this search box.
Search
Close this search box.

മൂസിലില്‍ 105 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ സൈന്യം

വാഷിംഗ്ടണ്‍: ഇറാഖിലെ മൂസിലില്‍ മാര്‍ച്ച് 17ന് അമേരിക്ക നടത്തിയ ആക്രമണത്തില്‍ 105 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 36 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ണ്ട് നേതൃത്വം നടത്തിയ അന്വേഷണം വെളിപ്പെടുത്തുന്നു. മൂസിലിലെ ഒരു കെട്ടിടത്തില്‍ ഐഎസ് വലിയ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തില്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ സൈനിക നേതൃത്വത്തിന്റെ പ്രസ്താവന വ്യക്തമാക്കി. കെട്ടിടത്തില്‍ അഭയം തേടിയിട്ടുള്ളത് ഇറാഖ് ഭീകരവിരുദ്ധ സേനയുമായി ഏറ്റുമുട്ടിയിട്ടുള്ള രണ്ട് ഐഎസ് ഒളിപ്പോരാളികളാണെന്നാണ് ഇറാഖ് സൈന്യം പറഞ്ഞതെന്നും അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അന്താരാഷ്ട്ര സഖ്യം അവിടെ വ്യോമാക്രമണം നടത്തിയതെന്നും അമേരിക്കന്‍ പ്രസ്താവന വ്യക്തമാക്കി.
വ്യോമാക്രമണം നടത്തുമ്പോള്‍ കെട്ടിടത്തില്‍ സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നു എന്നത് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു. കെട്ടിടത്തില്‍ പരിമിതമായ തോതില്‍ മാത്രം നാശം വിതക്കാന്‍ ശേഷിയുള്ള ജി.ബി.യു-38 ഷെല്ലാണ് ഉപയോഗിച്ചതെന്നും അവിടെ ഐഎസ് പോരാളികള്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളാണ് വന്‍ സ്‌ഫോടനത്തിന് കാരണമായതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. അതേസമയം മൂസിലില്‍ അന്താരാഷ്ട്ര സഖ്യം നടത്തിയ വ്യോമാക്രമണത്തിലും വീടുകള്‍ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണങ്ങളിലും അഞ്ഞൂറിലേറെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മൂസിലിലെ പ്രാദേശിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Related Articles