Current Date

Search
Close this search box.
Search
Close this search box.

മൂസിലില്‍ പട്ടിണി 25 കുട്ടികളുടെ ജീവനെടുത്തു

ബഗ്ദാദ്: പടിഞ്ഞാറന്‍ മൂസിലില്‍ കഴിഞ്ഞ മാസം പട്ടിണി കാരണം 25ഓളം കുട്ടികള്‍ മരിച്ചിട്ടുണ്ടെന്ന് ഇറാഖി മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുട്ടികളെ അവര്‍ അഭിമുഖീകരിക്കുന്ന വലിയ മാനുഷിക ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ അടിയന്തിര സഹായമെത്തിക്കാനും കേന്ദ്രം ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം കുട്ടികളുള്ള മൂസില്‍ നഗരത്തിന്റെ വലത്തേ തീരം കടുത്ത പട്ടിണിയുടെ പിടിയിലാണ്. ഭക്ഷ്യവസ്തുക്കള്‍ തീര്‍ന്നു പോവുകയും പാല്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്നതിനൊപ്പം കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് അവിടെ. പട്ടിണിയും വിശപ്പും കാരണം മരിക്കുന്നവരുടെ എണ്ണം അവിടെ അനുദിനം വര്‍ധിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ അവിടെ 25 കുട്ടികള്‍ മരിച്ചതായിട്ടുള്ള വിവരം ലഭിച്ചിട്ടുണ്ട്. പാലിന്റെയും ഭക്ഷ്യവസ്തുക്കളുടെയും അഭാവം കാരണം ഒരു മാസം മുതല്‍ മൂന്ന് വയസ്സുവരെയുള്ള കുട്ടികളാണ് മരിച്ചിട്ടുള്ളത്. എന്നും മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം വിവരിച്ചു.
മൂസില്‍ നഗരത്തിന്റെ വലതു തീരത്തെ സ്ത്രീകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കാത്തതിനാല്‍ തങ്ങളുടെ കുഞ്ഞുകളെ മുലയൂട്ടാന്‍ പോലും സാധിക്കുന്നില്ലെന്നും മറിപോര്‍ട്ട് പറയുന്നു. പ്രദേശത്തെ കുട്ടികള്‍ക്ക് പാലും മറ്റ് ഭക്ഷ്യവസ്തുക്കളും വ്യോമമാര്‍ഗം എത്തിച്ചു നല്‍കാന്‍ ഇറാഖ് ഭരണകൂടത്തോടും അന്താരാഷ്ട്ര സംഘടനകളോടും മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. സിവിലിയന്‍മാരെ ഉപരോധിക്കാനുള്ള ഐഎസ് പദ്ധതി വിജയിക്കാന്‍ അനുവദിക്കരുതെന്നും വേദി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles