Current Date

Search
Close this search box.
Search
Close this search box.

മൂസിലില്‍ ഐഎസ് പതിനായിരങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്നു

ബഗ്ദാദ്: ഇറാഖ് സൈന്യത്തിനും ഐഎസിനും ഇടയില്‍ കനത്ത പോരാട്ടം തുടരുന്ന മൂസില്‍ നഗരത്തിന് ചുറ്റും പതിനായിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളെ മനുഷ്യകവചമായി ഐഎസ് ഉപയോഗിക്കുന്നുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ട്. ഐഎസ് നിയന്ത്രണത്തിലുള്ള നഗരം വീണ്ടെടുക്കുന്നതിന് ഇറാഖ് സൈന്യം സൈനിക നീക്കം ശക്തിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഐഎസിന്റെ ഉത്തരവ് തള്ളിക്കളയുകയോ നേരത്തെ ഇറാഖ് സൈന്യത്തിന്റെ ഭാഗമായിരുന്നവരോ ആയ ഇരുന്നൂറില്‍ പരം ആളുകള്‍ കൊല്ലപ്പെട്ടതായി വെള്ളിയാഴ്ച്ച തങ്ങള്‍ക്ക് റിപോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കി.
സൈനിക നീക്കത്തെ ചെറുക്കുന്നതിനായി സിവിലിയന്‍മാരെ ഉപയോഗിക്കുകയെന്ന അധപതിച്ചതും ഭീരുത്വം നിറഞ്ഞതുമായ നയമാണ് ഐഎസ് സ്വീകരിച്ചിരിക്കുന്നതെന്നും മനുഷ്യകവചങ്ങളായി നിലകൊള്ളുന്നതിന് സ്ത്രീകളും കുട്ടികളും അടക്കമുള്ള സിവിലിയന്‍മാര്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും ഐക്യരാഷ്ട്രസഭാ വക്താവ് റവീണ ഷംദാസനി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച്ച 232 പേരും വ്യാഴാഴ്ച്ച 24 പേരും വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്. അതിലേറെയും മുന്‍ ഇറാഖി സൈനികരാണ്. തങ്ങള്‍ക്കെതിരെ രംഗത്ത് വരാന്‍ സാധ്യതയുള്ളവരെ ഉന്മൂലനം ചെയ്യുന്ന നയമാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. സൈനിക പരിശീലനം ലഭിച്ചവരോ സുരക്ഷാ സേനയുമായി ബന്ധമുള്ളവരോ ആയ ഇറാഖികളാണ് പ്രധാനമായും ഉന്നംവെക്കപ്പെടുന്നത്. എന്നും ഷംദാസനി കൂട്ടിചേര്‍ത്തു. ഐഎസില്‍ നിന്നും മൂസില്‍ വീണ്ടെടുക്കുന്നതിനായി ഒക്ടോബര്‍ 17നാണ് ഇറാഖ് സൈന്യം വ്യാപകമായ ഓപറേഷന്‍ ആരംഭിച്ചത്.

Related Articles