Current Date

Search
Close this search box.
Search
Close this search box.

മൂസിലില്‍ ഇരുന്നൂറിലേറെ സിവിലിയന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ബഗ്ദാദ്: ഇറാഖ് സേനയും അന്താരാഷ്ട്ര സഖ്യവും മൂസിലില്‍ നടത്തിയ ആക്രമണങ്ങളില്‍ തകര്‍ന്ന കെടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 214 സിവിലിയന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നഗരത്തിലെ സിവില്‍ ഡിഫന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗമായ മൂസില്‍ ജദീദ അടക്കമുള്ള മൂന്ന് പ്രദേശങ്ങളില്‍ നിന്നാണ് ഇത്രയും മൃതദേഹങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരുപക്ഷേ മൂന്നൂറ് മൃതദേഹങ്ങളെങ്കിലും ഉണ്ടാകുമെന്നാണ് പ്രദേശവാസികളും ദൃക്‌സാക്ഷികളും പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച സഖ്യം മൂസില്‍ ജദീദയില്‍ നടത്തിയ ആക്രമണത്തില്‍ മുന്നൂറോളം വീടുകള്‍ തകര്‍ന്നിരുന്നു. റഹ്മ ആശുപത്രിക്ക് സമീപത്തുള്ള വീടുകളാണ് ആക്രമണത്തില്‍ തകര്‍ന്നിട്ടുള്ളത്. വലിയ ഉപകരണങ്ങളുടെ അഭാവത്തില്‍ അവശിഷ്ടങ്ങള്‍ നീക്കുന്നത് കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും റിപോര്‍ട്ട് പറഞ്ഞു. സഖ്യത്തിന്റെ ആക്രമണത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്ന വാഗണ്‍ പൊട്ടിത്തെറിച്ചതാണ് ഇത്രയും വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
അതേസമയം ഇറാഖ് സൈന്യം കൊലപ്പെടുത്തിയ നിരപരാധികളുടേതെന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഐഎസ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് ഇറാഖ് സൈന്യത്തിന്റെ കീഴിലുള്ള മിലിറ്ററി മീഡിയ വിംഗ് പറഞ്ഞു. പടിഞ്ഞാറന്‍ മൂസിലിലെ ഇരകളെന്ന പേരില്‍ മാധ്യമങ്ങളിലൂടെ അവര്‍ പ്രചരിപ്പിക്കുന്നത് ഐഎസ് ആധിപത്യ മേഖലയിലെ ഇരകളാണെന്നും മീഡിയ വിംഗ് സൂചിപ്പിച്ചു. ഭീഷണിയുടെയും കൊലപ്പെടുത്തലിന്റെയും പട്ടിണിക്കിടലിന്റെയും ശൈലിയാണ് അവര്‍ സിവിലിയന്‍മാരോട് സ്വീകരിക്കുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Related Articles