Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സംവരണം നടപ്പാക്കാന്‍ ഏതറ്റം വരെയും പോകും: തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: നിര്‍ദിഷ്ട മുസ്‌ലിം ക്വാട്ട നടപ്പാക്കുന്നതിന് ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാറുമായി ‘പോരാടാനും’ മടിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. മുസ്‌ലിംകള്‍ക്കും എസ്.ടി വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തുന്നതിന് രണ്ട് ബില്ലുകള്‍ പാസ്സാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. തുടര്‍ന്ന് തമിഴ്‌നാടിന്റെ വിഷയത്തില്‍ ചെയ്തത് പോലെ വിഷയം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. എന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംകള്‍ക്കും എസ്.ടി വിഭാഗങ്ങള്‍ക്കുമുള്ള സംവരണം ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കേന്ദ്രം വിസമ്മതിച്ചാല്‍ കേന്ദ്രത്തോട് പോരാടുമെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ പിന്നോട്ടടിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പിന്നോക്ക വിഭാഗ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത് പോലെ മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ, സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഓരോ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 12 ശതമാനം എന്നത് റാവുവിന്റെ പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. തെലങ്കാനയിലെ ഉയര്‍ന്ന മുസ്‌ലിം ജനസംഖ്യയുടെ പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ക്കുള്ള സംവരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം 2019ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് റാവുവിന്റെ ഈ നീക്കമെന്ന ആരോപണവുമായി ബി.ജെ.പിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ അത്തരം ഉദ്ദേശ്യങ്ങളൊന്നുമില്ലെന്ന് മന്ത്രി പ്രതികരിച്ചു.

Related Articles