Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിലക്ക്; ട്രംപിനെ അനുകൂലിച്ച് യു.എ.ഇ

ദുബൈ: ഏഴ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഇസ്‌ലാംഭീതിയല്ലെന്നും, വിലക്ക് ഒരു മതത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതല്ലെന്നും യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ പറഞ്ഞു. ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാഷ്ട്രങ്ങളിലെ പൗരന്‍മാരെ ബാധിക്കുന്ന ട്രംപിന്റെ ഉത്തരവ് അമേരിക്കയിലും പുറത്തും വന്‍ പ്രതിഷേധത്തിന് തിരികൊളുത്തിയിരുന്നു. യാത്രാവിലക്ക് മതപരമായ വിവേചനമാണെന്ന് ചൂണ്ടികാട്ടി നാല് അമേരിക്കന്‍ സ്റ്റേറ്റുകള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ട്രംപിന്റെ നടപടിയെ ന്യായീകരിച്ചു കൊണ്ടാണ് യു.എ.ഇ വിദേശകാര്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.
‘എല്ലാ മുസ്‌ലിംകളും, മുസ്‌ലിം രാഷ്ട്രങ്ങളും യാത്രാവിലക്കിന്റെ പരിധിയില്‍ വരുന്നില്ല. സ്വയം പരിഹരിക്കേണ്ട ‘വെല്ലുവിളികള്‍’ നേരിടുന്ന രാജ്യങ്ങളെയാണ് വിലക്ക് ബാധിക്കുക. അമേരിക്കയുടെ പരമാധികാരത്തിനുള്ളില്‍ വരുന്ന തീരുമാനമാണ് അമേരിക്ക എടുത്തിട്ടുള്ളത്’ അബൂദാബിയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ട്രംപിന്റെ നടപടി ഒരു പ്രത്യേക മതവിഭാഗത്തിനെതിരെയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ, ഇതൊരു പ്രത്യേക മതത്തിനെതിരെയുള്ള തീരുമാനമല്ലെന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ തന്നെ വിശദീകരണം അത്തരം വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നുണ്ട്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ സുരക്ഷയുടെ ഭാഗമായുള്ള അനിവാര്യ നടപടിയെന്ന് പറഞ്ഞു കൊണ്ടാണ് ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവില്‍ വെള്ളിയാഴ്ച്ച ട്രംപ് ഒപ്പുവെച്ചത്. അതേസമയം സിറിയയില്‍ നിന്നും പാലായനം ചെയ്ത് രക്ഷപ്പെട്ടു വരുന്ന ക്രിസ്തുമതവിശ്വാസികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ട്രംപ് പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു.
വിലക്കിനെ അപലപിക്കുന്നതില്‍ നിന്നും ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിട്ടുനില്‍ക്കുകയാണ്. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഖത്തര്‍, ബഹറൈന്‍ എന്നീ രാഷ്ട്രങ്ങള്‍ പരമ്പരാഗതമായി അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളാണ്. ഈ രാഷ്ട്രങ്ങളെല്ലാം തന്നെ ട്രംപിന്റെ യാത്രാവിലക്കില്‍ നിന്നും ഒഴിവുമാണ്. ഈ അഞ്ച് രാഷ്ട്രങ്ങളില്‍ ഖത്തര്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും യാത്രാവിലക്കിനെതിരെ പ്രതികരിക്കാന്‍ ധൈര്യം കാണിച്ചത്. ‘ഒരു മുസ്‌ലിം ചട്ടകൂടില്‍ നിന്നും പ്രശ്‌നത്തെ നോക്കികാണുമ്പോള്‍, ഇത് നാം ഒരുമിച്ച് എതിര്‍ക്കേണ്ട ഒന്നായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്’ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി പറഞ്ഞു.
അതേസമയം ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഉദ്യോഗസ്ഥതലത്തിലുള്ള ചിലര്‍ ട്രംപിനെ പരസ്യമായി പിന്തുണച്ച് കൊണ്ട രംഗത്ത് വന്നിട്ടുണ്ട്. ‘ട്രംപിന് പൂര്‍ണ്ണ പിന്തുണ. ഓരോ രാഷ്ട്രത്തിനും തങ്ങളുടെ സുരക്ഷ ഭദ്രമാക്കാന്‍ അവകാശമുണ്ട്. ട്രംപ്, നിങ്ങള്‍ ചെയ്യുന്നത് വളരെ ശരിയാണ്’ എന്നാണ് ദുബൈ പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ദാഹി ഖല്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചത്.

ട്രംപിന് പിന്തുണയുമായ് അറബ് രാഷ്ട്രങ്ങളെത്തുമ്പോള്‍

Related Articles