Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം രാഷ്ട്രമായതിനാലാണ് തുര്‍ക്കിക്ക് ഇ.യു അംഗത്വം നല്‍കാത്തത്: എര്‍ദോഗാന്‍

ഇസ്തംബൂള്‍: യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിക്കപ്പെട്ടതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനില്‍ ചേര്‍ന്ന അതിലെ അംഗരാഷ്ട്രങ്ങളുടെ യോഗം അവരുടെ കുരിശ് സഖ്യത്തെയാണ് പ്രകടമാക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. യൂറോപ്യന്‍ യൂണിയന്റെ രൂപീകരണത്തിന് വഴിവെച്ച റോമാ കരാറിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലും വത്തിക്കാനിലും സമ്മേളിച്ചിരുന്നു. ഇസ്തംബൂളിലെ സന്‍ജക്തബയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എര്‍ദോഗാന്‍. എന്തുകൊണ്ട് അവര്‍ വത്തിക്കാനില്‍ യോഗം ചേര്‍ന്നു? എന്നുമുതലാണ് പോപ് യൂറോപ്യന്‍ യൂണിയനില്‍ അംഗമായത്? എന്നും അദ്ദേഹം ചോദിച്ചു.
മുസ്‌ലിം രാഷ്ട്രമായതിനാലാണ് തുര്‍ക്കിക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കാത്തത് എന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിക്ക് നേരെയുള്ള യൂറോപ്യന്‍ നിലപാടിനെ വിമര്‍ശിച്ച എര്‍ദോഗാന്‍ അവര്‍ ഭീകരരെ സഹായിക്കുകയും ഭീകരസംഘടനകള്‍ക്ക് ആയുധം നല്‍കുന്നുണ്ടെന്നും ആരോപിച്ചു. പാമ്പിനൊപ്പം മാളത്തില്‍ പ്രവേശിക്കുന്നവന്‍ അതിന്റെ കടിയില്‍ നിന്ന് രക്ഷപ്പെടില്ല. ഭീകരര്‍ക്ക് അവര്‍ നല്‍കുന്ന ആയുധങ്ങള്‍ ഒരു നാള്‍ അവര്‍ക്ക് നേരെ തന്നെ വരും. നാം ശരിയായ പാതയില്‍ നിന്ന് വ്യതിചലിച്ചതിന്റെ പേരിലല്ല നമ്മോടുള്ള യൂറോപിന്റെ രോഷം. നാം അവരുടെ കല്‍പനകള്‍ ശിരസ്സാവഹിക്കുകയും അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുകയും ചെയ്യാത്തതിന്റെ പേരിലാണ്. എന്നും തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കി.

Related Articles