Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ കൂടെ തന്നെ നീന്തല്‍ പഠിക്കണമെന്ന് യൂറോപ്യന്‍ കോടതി

ബേണ്‍: മതവിശ്വാസത്തിന്റെ ഭാഗമായി ആണ്‍കുട്ടികളുടെ കൂടെ നീന്തല്‍ പഠിക്കാന്‍ പെണ്‍കുട്ടികളെ അനുവദിക്കാത്ത മുസ്‌ലിം രക്ഷിതാക്കള്‍ക്ക് പിഴ ചുമത്തിയത് അനുകൂലിച്ചു കൊണ്ടുള്ള സ്വിസ്സ് കോടതി വിധി യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ശരിവെച്ചു. തങ്ങളുടെ രണ്ട് പെണ്‍മക്കളെ ആണ്‍കുട്ടികളുടെ കൂടെ നീന്തല്‍ പഠിക്കാന്‍ വിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ തുര്‍ക്കിഷ്-സ്വിസ്സ് ഇരട്ടപൗരത്വമുള്ള മുസ്‌ലിം ദമ്പതികള്‍ക്ക് പഴിയിട്ടത്. ഇതിനെതിരെ ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു.
പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് കായിക വിദ്യാഭ്യാസത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് മേല്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്ക്ള്‍ 9 അനുശാസിക്കുന്ന ചിന്താ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവയുടെ ലംഘനമാണെന്ന് ദമ്പതികള്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് ജീവിക്കുന്ന വിദേശികള്‍ സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെടാതിരിക്കാനുള്ള ഒരു നടപടി എന്ന നിലക്കാണ് മതസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതെന്ന് കോടതി വ്യക്തമാക്കി. സാമൂഹികമായ ഏകീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ സ്‌കൂളുകള്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്, പ്രത്യേകിച്ച് മറ്റു ദേശങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ ഒറ്റപ്പെടാനുള്ള സാഹചര്യങ്ങള്‍ തടയേണ്ടതുണ്ട്.
നീന്തല്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് ബുര്‍ക്കിനി ധരിക്കാന്‍ അനുവാദം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ട് വെച്ച് രക്ഷിതാക്കളുമായി ഒരു സമവായത്തിലെത്താന്‍ ബേസല്‍, സ്വിറ്റ്‌സര്‍ലണ്ട് അധികൃതര്‍ ശ്രമിച്ചിരുന്നെന്ന് കോടതി വ്യക്തമാക്കി.
350 സ്വിസ്സ് ഫ്രാങ്കാണ് രക്ഷിതാക്കള്‍ക്ക് മേല്‍ പിഴ ചുമത്തിയിരിക്കുന്നത്. യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ഒരു യൂറോപ്യന്‍ യൂണിയന്‍ സ്ഥാപമല്ല.

Related Articles