Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം പള്ളി പുനര്‍നിര്‍മിക്കാന്‍ അമേരിക്കക്കാരുടെ വക 6 ലക്ഷം ഡോളര്‍ സംഭാവന

ടെക്‌സാസ്: അഗ്നിബാധയില്‍ കത്തിനശിച്ച മുസ്‌ലിം പള്ളി പുനര്‍നിര്‍മിക്കാന്‍ ടെക്‌സാസ് നിവാസികള്‍ കൈകോര്‍ത്തു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് തെക്ക്കിഴക്കന്‍ ടെക്‌സാസിലെ മുസ്‌ലിം പള്ളി പൂര്‍ണ്ണമായും കത്തിനശിച്ചത്. വാര്‍ത്തയറിഞ്ഞ വിക്ടോറിയയിലെ ഇസ്‌ലാമിക് സെന്റര്‍ പള്ളിയുടെ പുനര്‍നിര്‍മാണത്തിന് വേണ്ടി ‘ഗോഫണ്ട്മീ’ എന്ന ധനസമാഹരണ സൈറ്റ് വഴി ഓണ്‍ലൈന്‍ ധനസമാഹരണം സംഘടിപ്പിച്ചിരുന്നു. 850,000 ഡോളറാണ് ധനസമാഹരണത്തിലൂടെ പിരിച്ചെടുക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ 6 ലക്ഷത്തിലധികം ഡോളറാണ് അമേരിക്കന്‍ പൗരന്‍മാര്‍ സംഭാവനയായി നല്‍കിയത്. ‘ശനിയാഴ്ച്ച രാവിലെ കത്തിയമര്‍ന്ന പള്ളി കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. എന്നാല്‍ പള്ളി പുനര്‍നിര്‍മാണത്തിനായി ഒഴുകിയെത്തുന്ന സാമ്പത്തികവും, ധാര്‍മികവുമായ പിന്തുണയാണ് ഇപ്പോള്‍ ഞങ്ങളെ ശരിക്കും ഞെട്ടിക്കുന്നത്’ എന്ന് ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ശാഹിദ് ഹാശ്മി പറഞ്ഞു.
പള്ളി കത്തിനശിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം അമേരിക്കയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ചിലത് പുതിയ പ്രസിഡന്റില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടിട്ടാണെന്ന് ഇസ്‌ലാമോഫോബിയയെ കുറിച്ച് ഗവേഷണം നടത്തുന്ന പ്രൊഫ. ജോണ്‍ എസ്‌പൊസിറ്റോ പറഞ്ഞു.
‘ഗോഫണ്ട്മീ’ മുഖേന സംഭാവന നല്‍കുന്നവര്‍ ട്രംപ് ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട്. ‘എന്റെ പൂര്‍വ്വികര്‍ യൂറോപ്പില്‍ ജൂതന്‍മാര്‍ക്കെതിരെ നടന്ന പീഢന-മര്‍ദ്ദനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ഇന്ന് അമേരിക്കയില്‍ മറ്റൊരു സമുദായം അടിസ്ഥാനരഹിതമായി വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നതിന് നാം സാക്ഷികളായി കൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രസിഡന്റിനും ഇതില്‍ വലിയ പങ്കുണ്ട്. അഗ്നിബാധക്ക് പിന്നില്‍ എന്തുതന്നെയായാലും, ഒരു സമുദായത്തിനും അവരുടെ ആരാധനാലയം നഷ്ടപ്പെട്ടരുത്,’ 100 ഡോളര്‍ സംഭാവന നല്‍കിയ ബെന്യാമിന്‍ ടാംബര്‍ കുറിച്ചു.
‘ഞാനൊരു നിരീശ്വരവാദിയാണ്. പക്ഷെ നിങ്ങള്‍ക്ക് സംഭവിച്ച ഈ അത്യാഹിതം എന്നെ വല്ലാതെ വേദനിപ്പിക്കുകയും, അസ്വസ്ഥനാക്കുകയും ചെയ്യുന്നു. മതസ്വാതന്ത്ര്യവും, ഉപദ്രവങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യവും മൗലികാവകാശങ്ങളാണ്!’ മാര്‍ട്ടിന്‍ വാഗ്നര്‍ എഴുതി.

Related Articles