Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്രംപിന് തുറന്ന കത്ത്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് അമേരിക്കയിലെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ വക തുറന്ന കത്ത്. ട്രംപിന്റെ നയപരിപാടികളില്‍ ആശങ്കകള്‍ രേഖപ്പെടുത്തിയും, തങ്ങളുടെ സമുദായത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കത്ത് എഴുതിയിരിക്കുന്നത്. തിങ്കളാഴ്ച്ച MuslimLetterToTrump.com വെബ്‌സൈറ്റിലാണ് 291 പേര്‍ ഒപ്പുവെച്ച കത്ത് പ്രസിദ്ധീകരിച്ചു വന്നത്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്, ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക, മുസ്‌ലിം പബ്ലിക്ക് അഫേഴ്‌സ് കൗണ്‍സില്‍, ഇസ്‌ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങിയ പ്രമുഖ മുസ്‌ലിം ഗ്രൂപ്പുകളിലെ ഉന്നതതല ഉദ്യോഗസ്ഥരും, ഇമാമുമാര്‍, പ്രൊഫസര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, കാമ്പസ് ഇസ്‌ലാമിക് ഗ്രൂപ്പുകളുടെ നേതാക്കള്‍ തുടങ്ങിയവരും കത്തില്‍ ഒപ്പ് ചാര്‍ത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് മുതല്‍ക്ക് തന്നെ ട്രംപിന്റെ പ്രസ്താവനകളെ ശക്തമായി എതിര്‍ത്ത് കൊണ്ട് മുസ്‌ലിം സംഘടനകള്‍ രംഗത്ത് വന്നിരുന്നു. എന്നിരുന്നാലും ഇതാദ്യമായാണ് മുസ്‌ലിം ഗ്രൂപ്പുകള്‍ ഒരുമിച്ച് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്ത പോലെ മുസ്‌ലിം അഭയാര്‍ത്ഥികളുടെ വിവരങ്ങളടങ്ങിയ ഒരു രജിസ്ട്രി ഉണ്ടാക്കുന്നത് ട്രംപിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ അമേരിക്കയില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ ട്രംപിന്റെ പേര് പറഞ്ഞാണ് അക്രമികള്‍ അഴിഞ്ഞാടുന്നത്. ഈ പശ്ചാത്തലത്തിലാണ് മുസ്‌ലിം സംഘടനകള്‍ ട്രംപിന് തുറന്ന കത്തെഴുതാന്‍ തീരുമാനിക്കുന്നത്.
‘9/11 ശേഷം ഉണ്ടായതില്‍ വെച്ചേറ്റവും കൂടുതല്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളാണ് ഈ വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്തും, തുടര്‍ന്നും അമേരിക്കന്‍ മുസ്‌ലിം സംഘടനകളുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അത്തരം പ്രവര്‍ത്തനങ്ങളെ താങ്കള്‍ അടുത്തിടെ അപലപിച്ചത് നല്ലൊരു തുടക്കം തന്നെയായിരുന്നു. അസഹിഷ്ണുതയെയും, വിദ്വേഷ കുറ്റകൃത്യങ്ങളെയും, അമേരിക്കന്‍ മുസ് ലിംകള്‍ അടക്കമുള്ള ഏതൊരു അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെയും നേര്‍ക്ക് സ്‌കൂളില്‍ സംഭവിക്കുന്ന വിവേചനങ്ങളെയും താങ്കള്‍ ആത്മാര്‍ത്ഥമായും ശക്തമായും അപലപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. പരസ്പര ബഹുമാനത്തെ താങ്കളുടെ പ്രസിഡന്റ് പദവിയുടെ ഒരു മുഖമുദ്രയാക്കി മാറ്റാന്‍ ഞങ്ങള്‍ താങ്കളെ ഉണര്‍ത്തുന്നു. കൂടാതെ, മറ്റു അമേരിക്കക്കാരെ പോലെ തന്നെ, മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ് ലിംകളെ പ്രത്യേകം ലക്ഷ്യവെച്ച് കൊണ്ടുള്ളതും, അവരുടെ ഭരണഘടനാ അവകാശങ്ങള്‍ ഹനിക്കുന്നതുമായ നിര്‍ദ്ദേശങ്ങളുടെ താങ്കളുടെ സംഘം സജീവമായി പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഞങ്ങളെയും തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. മുസ്‌ലിം അഭയാര്‍ത്ഥികളുടെ വിവരങ്ങളടങ്ങിയ ഒരു രജിസ്ട്രി എന്ന ആശയം താങ്കളുടെ ഉപദേശകരും മന്ത്രിസഭാംഗങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ഏറ്റവും നാണംകെട്ട സംഭവമായ രണ്ടാം ലോക യുദ്ധത്തിന്റെ സമയത്ത് 110000 ജാപ്പനീസ്-അമേരിക്കക്കാരെ ജയിലിലടച്ചതാണ് മുസ്‌ലിംകളെ ഉന്നംവെക്കുന്നതിനുള്ള മുന്നുദാഹരണമായി താങ്കളുടെ ഒരു ഉപദേശകന്‍ സൂചിപ്പിച്ചത്.’
രാജ്യത്തിന്റെ സ്ഥാപക തത്വങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതില്‍ ട്രംപ് വിജയം വരിക്കട്ടെ എന്നാണ് മുസ്‌ലിംകളുടെ ആഗ്രഹമെന്നും കത്ത് കൂട്ടിച്ചേര്‍ത്തു.

Related Articles