Current Date

Search
Close this search box.
Search
Close this search box.

മുന്‍ ലിബിയന്‍ സുരക്ഷാ മേധാവിയെ അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര കോടതി ഉത്തരവിട്ടു

ഹേഗ്: ലിബിയയുടെ മുന്‍ ആഭ്യന്തര സുരക്ഷാ മേധാവി തുഹാമി മുഹമ്മദ് ഖാലിദിനെ അറസ്റ്റ് ചെയ്യാന്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഉത്തരവിട്ടു. മുഅമ്മര്‍ ഖദ്ദാഫിയുടെ ഭരണകാലത്ത് പ്രതിയോഗികള്‍ക്കെതിരെ സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നടപടികളില്‍ അദ്ദേഹത്തിനുള്ള പങ്കിന്റെ പേരിലാണ് നടപടി. 2011 ഫെബ്രുവരി 24 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ അദ്ദേഹം യുദ്ധകുറ്റം ചെയ്തതായും മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യത്തിലേര്‍പ്പെട്ടതായും ആരോപണമുണ്ടെന്നും കോടതി പറഞ്ഞു. പീഡനങ്ങളും മര്‍ദനങ്ങളും അടക്കമുള്ള ആരോപണങ്ങളില്‍ 2013ല്‍ തുഹാമിക്കെതിരെ ഇറക്കിയ നോട്ടീസ് ജഡ്ജിമാര്‍ അംഗീകരിച്ചതായും കോടതിയുടെ പ്രസ്താവന വ്യക്തമാക്കി.
മുന്‍ ലിബിയന്‍ സുരക്ഷാ മേധാവിയെ അറസ്റ്റ് ചെയ്യാന്‍ ഈജിപ്ത് ഭരണകൂടവും ഇതേ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2012 ഏപ്രിലില്‍ തുഹാമി കെയ്‌റോയില്‍ വെച്ച് അറസ്റ്റിലായതായി ലിബിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് ഇല്ലാത്തതിനെ തുടര്‍ന്ന് ഉടന്‍ മോചിപ്പിക്കുകയായിരുന്നു.
2011ല്‍ ട്രിപോളിയുടെ വിമോചനത്തിന് ശേഷം അവിടെ നിന്നും രക്ഷപ്പെട്ട തുഹാമി ഈജിപ്തിലാണുള്ളതെന്ന സൂചനകളാണ് ഉള്ളതെന്ന് ലിബിയയിലെ അല്‍ജസീറ റിപോര്‍ട്ട് അഹ്മദ് ഖലീഫ പറഞ്ഞു. ഖദ്ദാഫി ഭരണത്തിലെ ഏറ്റവും ശക്തരായ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളാണ് അദ്ദേഹം. ട്രിപോളിയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്ല സനൂസിയും 2011 മുതല്‍ ലിബിയക്ക് പുറത്ത് കഴിയുന്ന മൂസാ കൗസയുമാണ് മറ്റു രണ്ട് പേര്‍. ഖദ്ദാഫി ഏറെ ആശ്രയിച്ചിരുന്ന ഒരാളാണ് ആഭ്യന്തര സുരക്ഷാ ചുമതല വഹിച്ചിരുന്ന തുഹാമി. പ്രതിപക്ഷത്തുള്ളവരെ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തി ഇല്ലാതാക്കുന്ന നയമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. മുന്‍ ഭരണകൂടത്തിന്റെ പ്രതിയോഗികളായിരുന്ന പലരെയും വധശിക്ഷക്ക് വിധേയരാക്കുന്നതിലും അദ്ദേഹത്തിന് പങ്കുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും അതിന്റെ നേതാക്കളെയും അടിച്ചമര്‍ത്തുന്നതിലും അദ്ദേഹം സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles