Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ് സുപ്രധാന വിഷയം; വേനല്‍ അവധിക്ക് പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുത്വലാഖിന്റെ സാധുതയെ കുറിച്ച് തീരുമാനമെടുക്കേണ്ടത് നിര്‍ണായകമാണെന്നും അഞ്ചംഗ ജഡ്ജിമാരടങ്ങുന്ന ബെഞ്ച് വേനല്‍ അവധിക്ക് വിഷയം പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ അവധിക്ക് മൂന്ന് ഭരണഘടനാ ബെഞ്ചുകള്‍ പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളില്‍ ഒന്നാണിതെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ പറഞ്ഞു. മെയ് 11 മുതലായിരിക്കും ഇതില്‍ വാദം കേള്‍ക്കുക. മുന്‍ നിയമമന്ത്രി കപില്‍ സിബല്‍ അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകര്‍ അവധിക്കാലത്ത് കോടതി ബെഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതിനെ എതിര്‍ത്തിരുന്നു. ‘ഈ അവധിക്കാലത്ത് പരിഗണിക്കുന്ന മൂന്ന് പ്രധാന വിഷയങ്ങളുണ്ട്. തീര്‍പ്പുകല്‍പിക്കാത്ത വിഷയങ്ങളാണവയെന്നും, അവ പരിഗണിക്കേണ്ടെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ സുപ്രീം കോടതിയിലെ തീര്‍പ്പുകല്‍പിക്കാത്ത കേസുകളുടെ ആധിക്യത്തെ കുറിച്ച് സംസാരിക്കരുത്.’ എന്ന് ജസ്റ്റിസ് ഖെഹാര്‍ അതിന് മറുപടി നല്‍കി. ഈ കേസുകള്‍ നാം പരിഗണിക്കുന്നില്ലെങ്കില്‍ തീര്‍പ്പുകല്‍പിക്കാതെ വര്‍ഷങ്ങള്‍ ഇനിയും അത് തുടരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫേസ്ബുക്കിലൂടെയും വാട്‌സപ്പിലൂടെയുമുള്ള വിവാഹ മോചനം ചെയ്യപ്പെട്ടതായി സ്ത്രീകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മുത്വലാഖിനെ എതിര്‍ത്തു കൊണ്ട് നിരവധി ഹരജികള്‍ കോടതയില്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങനെയുള്ള ഓരോ കേസുകളും പ്രത്യേകം പരിഗണിക്കുന്നതിന് പകരം മുത്വലാഖും ബഹുഭാര്യത്വവും മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ശരിവെച്ചു കൊടുക്കേണ്ടതുണ്ടോ എന്നതാണ് കോടതി അന്വേഷിക്കുകയെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles