Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ്; ശരീഅത്ത് അനുശാസിക്കുന്ന നടപടിക്രം നടപ്പാക്കുമെന്ന് വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: വിവാഹ മോചനത്തിന് മുത്വലാഖ് രീതി  ഒഴിവാക്കി, ശരീഅത്ത്  അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ നടപ്പാക്കാന്‍  തീരുമാനിച്ചതായി  ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്  സുപ്രീംകോടതിയെ അറിയിച്ചു.  മുത്വലാഖ് പാടില്ലെന്ന്  വിവാഹ സമയത്ത് വധൂവരന്മാര്‍ക്ക്   ഖാദിമാര്‍ ഉപദേശം നല്‍കുമെന്നും എന്നിട്ടും ആ രീതി  അവലംബിച്ചാല്‍   ‘സാമൂഹിക ബഹിഷ്‌കരണം’  നേരിടേണ്ടിവരുമെന്നും ബോര്‍ഡ് സമര്‍പ്പിച്ച  പുതിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇസ്‌ലാമിക നിയമത്തില്‍  മുത്വലാഖ്  അനഭിലഷണീയ രീതിയാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള തര്‍ക്കം  അന്യോന്യം   പറഞ്ഞുതീര്‍ക്കണം.  ഒറ്റയടിക്കുള്ള ത്വലാഖ്  നിരുത്സാഹപ്പെടുത്തുമെന്നും ഇത്തരം സംഭവങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍  ‘സാമൂഹിക ബഹിഷ്‌കരണ’മടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.   ഏപ്രില്‍ 15, 16 തീയതികളില്‍  ലഖ്‌നോവില്‍ നടന്ന  ബോര്‍ഡ് പ്രവര്‍ത്തകസമിതി  മുത്വലാഖ് രീതിക്കെതിരെ  പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
വിവാഹമോചന കാര്യത്തില്‍ ശരീഅത്ത് നിലപാട്  വ്യക്തമാണ്. അകാരണമായി വിവാഹമോചനം നടത്താനാവില്ല. ഒറ്റയിരിപ്പില്‍  മൂന്ന്  ത്വലാഖ് ചൊല്ലുന്നത് ശരിയായ മാര്‍ഗമല്ല. അത്തരം രീതികള്‍ ശക്തമായിതന്നെ  ശരീഅത്ത്  എതിര്‍ക്കുന്നുണ്ട്.  അനുരഞ്ജനത്തിലൂടെ തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍, രണ്ടു കുടുംബങ്ങളില്‍നിന്നുള്ള  മുതിര്‍ന്ന അംഗങ്ങളോ ഇരുഭാഗത്തുനിന്നുമുള്ള മധ്യസ്ഥരോ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും. എന്നിട്ടും രമ്യതയിലേക്ക് വന്നിട്ടില്ലെങ്കില്‍ ഒരു തവണ തലാഖ് ചൊല്ലും. തുടര്‍ന്നുള്ള ‘ഇദ്ദ’ കാലയളവില്‍  തര്‍ക്കം തീര്‍ന്നാല്‍ ഭാര്യയെ വീണ്ടെടുക്കാം. ഈ കാലയളവില്‍ ഭാര്യാ ഭര്‍തൃ ബന്ധം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ദാമ്പത്യം അതോടെ അവസാനിക്കും.
വിവാഹ മോചനം സംബന്ധിച്ച്  മാര്‍ഗനിര്‍ദേശങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍  നല്‍കുമെന്നും ബോര്‍ഡ് സെക്രട്ടറി മുഹമ്മദ് ഫസലുറഹീം ബോധിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെയും  പ്രചാരണം നടത്തും. ശരീഅത്തിന്റെ സാധൂകരണമില്ലാത്ത രീതികളൊന്നും പാടില്ലെന്ന് വിവാഹസമയത്തുതന്നെ വധൂവരന്മാരെ ബോധ്യപ്പെടുത്തും. ഈ വിഷയത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ നിക്കാഹ്‌നാമയില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തും. മുത്വലാഖ് ഹരജിയില്‍  വാദംകേട്ട അഞ്ചംഗ ഭരണഘടന ബെഞ്ച്  വിധിപറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്.

Related Articles