Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ് വിഷയത്തില്‍ കേന്ദ്രം ഹിതപരിശോധന നടത്തണം: സഫര്‍യാബ് ജീലാനി

മുസഫര്‍നഗര്‍: മുത്വലാഖ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നിയമം പാസ്സാക്കുന്നതിന് മുമ്പ് മുസ്‌ലിംകള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം സഫര്‍യാബ് ജീലാനി. ശരീഅത്ത് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ഏതു നീക്കങ്ങളെയും എതിര്‍ക്കുമെന്നും 99 ശതമാനം മുസ്‌ലിം സ്ത്രീകളും ശരീഅത്ത് നിയമത്തെ പിന്തുണയ്ക്കുന്നവരാണെന്നും ഉത്തര്‍പ്രദേശിലെ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കൂടിയായ അദ്ദേഹം പറഞ്ഞു. മുസഫര്‍നഗറില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ഗൂഢാലോചനയാണ് മുത്വലാഖ് നിരോധിക്കുന്നതിന് പിന്നിലുള്ളത്. വ്യക്തിനിയമങ്ങളില്‍ നടത്തുന്ന ഇടപെടല്‍ മുസ്‌ലിംകള്‍ സഹിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ ഇസ്‌ലാം ഏറ്റവുമധികം വെറുക്കപ്പെട്ടതായി എണ്ണിയ ഒന്നാണ് വിവാഹമോചനമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശരീഅത്തിനെതിരേ സുപ്രിംകോടതിയില്‍ നിലപാടെടുത്ത കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി, ഹൈദരാബാദിലെ ജാമിഅ നിസാമിയ ചാന്‍സിലര്‍ സയ്യിദ് അക്ബര്‍ നിസാമുദ്ദീന്‍ ഹുസൈനി തുടങ്ങിയ പണ്ഡിതര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ആലോചന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും ദേശീയ നിയമ കമ്മീഷന്‍ ഇപ്പോള്‍ നടത്തുന്നത് അക്കാദമിക ചര്‍ച്ചകള്‍ മാത്രമാണെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഏക സിവില്‍കോഡ് നിയമം നടപ്പാക്കുന്നതു സംബന്ധിച്ച പൊതുജനാഭിപ്രായം തേടി കമ്മീഷന്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. എന്നാല്‍, ഏക സിവില്‍കോഡ് നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇങ്ങനെയൊരു നിര്‍ദേശംപോലും സര്‍ക്കാരിന്റെ പരിഗണനയിലില്ല. അക്കാദമിക ചര്‍ച്ചകള്‍ ഒരു പരിഷ്‌കൃത സമൂഹത്തിലുണ്ടാവുക സ്വാഭാവികമാണ്. ഇക്കാര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Articles